UDF

2012, മാർച്ച് 23, വെള്ളിയാഴ്‌ച

പിറവത്തേത് കൂട്ടായ്മയുടെ വിജയമെന്ന് മുഖ്യമന്ത്രി

 

പിറവത്തേത് കൂട്ടായ്മയുടെ വിജയമെന്ന് മുഖ്യമന്ത്രി
 പിറവം ഉപതെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല യുഡിഎഫ് കൂട്ടായ്മയുടെ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സാമൂഹിക, സാമുദായിക സംഘടനകളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചിരുന്നുവെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തുടര്‍ന്നുപ്രവര്‍ത്തിക്കണമെന്ന ജനവിധിയാണ് പിറവത്ത് കണ്ടത്. കാപട്യമില്ലാത്ത സ്നേഹം കൊടുത്താല്‍ ആ സ്നേഹം ജനങ്ങള്‍ തരിച്ചുതരും. ഇത് പുതുപ്പള്ളിക്കാര്‍ തന്നെ പഠിപ്പിച്ച പാഠമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിറവത്ത് മദ്യമൊഴുക്കിയാണ് യുഡിഎഫ് വിജയിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പിറവത്തെ വോട്ടര്‍മാരെ അപമാനിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയുടെ പേരില്‍ പിറവത്തെ വോട്ടര്‍മാരോട് ക്ഷമ ചോദിക്കുന്നു. അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ലീഗിന്റെ അഞ്ചാം മന്ത്രി സംബന്ധിച്ച് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യുന്ന മുഴുവന്‍ പോസ്റുകളിലേക്കും സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചുകൊണ്ട് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13,678 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. അത്രയും പോസ്റുകളിലേക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കും. സ്കൂള്‍ അധ്യാപകരുടെ കാര്യം ഒരു പാക്കേജായി ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58 ആക്കിയിട്ടുണ്ട്. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം വിരമിക്കല്‍ പ്രായം കൂട്ടിയതിനെതിരെ സമരവുമായി രംഗത്തുവരുന്നത്. വിരമിക്കല്‍ പ്രായം 56 ആക്കിയില്ലെങ്കില്‍ എത്രപേര്‍ക്ക് ഏപ്രില്‍ ഒന്നിന് ജോലി കിട്ടുമായിരുന്നോ അത്രയും പേര്‍ക്ക് ജോലി കിട്ടിയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.