UDF

2012, മാർച്ച് 13, ചൊവ്വാഴ്ച

ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദി സിപിഎം തന്നെ

ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദി സിപിഎം തന്നെ

 

Imageതിരുവനന്തപുരം: നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവെച്ച ആര്‍ ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദിത്വം സിപിഎമ്മിന് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 
രാജിവെച്ച എംഎല്‍എ ശെല്‍വരാജ് തന്റെ രാജിക്ക് കാരണമായി  ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.
പാര്‍ട്ടിയുടെ ഒരു എംഎല്‍എ രാജിവെച്ചിട്ട് ആ നിയോജക മണ്ഡലത്തിലെ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നുപോലും പ്രതികരണം ഉണ്ടായിട്ടില്ല. ചില ചെറുപ്പക്കാര്‍ പേരിന് വേണ്ടി ഒരു ജാഥ നടത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിനയം നടത്തിയതല്ലാതെ ഗൗരവമായി പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. 
പകരം രാജിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ യുഡിഎഫിന്റെ തലയില്‍ വെയ്ക്കുകയാണ്. ശെല്‍വരാജ് ഉയര്‍ത്തിയ ആരോപണത്തിന് സിപിഎം മറുപടി പറയാത്തതെന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
 
രാജി നിര്‍ഭാഗ്യകരമായിപ്പോയെന്ന് സീതാറാം യച്ചൂരി നടത്തിയ പ്രസ്താവന എത്ര മാന്യമാണ്. വിഎസ് അച്യുതാനന്ദനോട് അടുപ്പമുള്ള നേതാവിന്റെ രാജി യുഡിഎഫിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കം വിലപ്പോവില്ല. ശെല്‍വരാജിന്റെ അഭിമുഖം പത്രത്തില്‍ വായിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഇതിന് മുമ്പ് രണ്ടുതവണ അദ്ദേഹം രാജി വെയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. അന്ന് നേതാക്കള്‍ ഇടപെട്ടാണ് രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചത്. അന്ന് യുഡിഎഫ് ഇടപെട്ടിട്ടാണോ അദ്ദേഹം രാജിക്കൊരുങ്ങിയതെന്ന് സിപിഎം പറയണം. ഇക്കുറി നേതാക്കളോട് പറയാതെ അദ്ദേഹം രാജിവെച്ചുവെന്ന് മാത്രം. ടിഎം ജേക്കബ് മരിക്കുന്നതിന് മുമ്പാണ് ശെല്‍വരാജ് രാജിക്കൊരുങ്ങിയത്.
 
പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാജിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നതിന്റെ തെളിവാണിത്. തെറ്റുതിരുത്താനോ നേരായ മാര്‍ഗ്ഗത്തില്‍ മുന്നോട്ടുപോകാനോ സിപിഎം തയാറാകാത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശെല്‍വരാജിന്റെ രാജി. രാജിയുടെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയില്‍ തന്നെയാണ്. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ശെല്‍വരാജ് എംഎല്‍എയെ സിപിഎം ഒഴിവാക്കിയത് യുഡിഎഫ് പറഞ്ഞിട്ടാണോ?,  പാര്‍ട്ടി സമ്മേളനങ്ങളില്‍ അദ്ദേഹത്തെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത് യുഡിഎഫിന്റെ സ്വാധീനത്തിലായിരുന്നോ. കുടുംബത്തെ വേട്ടയാടിയതും യുഡിഎഫ് പറഞ്ഞിട്ടാണോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
 
ജനാധിപത്യത്തില്‍ വിജയം നേടാന്‍ ഭൂരിപക്ഷം വേണമെങ്കിലും ഭരിക്കുന്ന സര്‍ക്കാരിന് എംഎല്‍എമാരുടെ എണ്ണം പ്രശ്‌നമല്ല. ഭൂരിപക്ഷം കുറവാണെന്നതിന്റെ പേരില്‍ ഏതെങ്കിലും പദ്ധതികള്‍ വേണ്ടെന്ന് വെച്ചിട്ടില്ല. മറ്റുകാര്യങ്ങളിലും തടസമുണ്ടായിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ശെല്‍വരാജിന്റെ പ്രസ്താവന ഇറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നാണ്. ആരോപണം ഉന്നയിച്ച ദേശാഭിമാനിക്ക് തന്നെ ഇക്കാര്യം അന്വേഷിക്കാം. ദേശാഭിമാനി പറയുന്ന ആളെ അന്വേഷണത്തിന് നിയോഗിക്കാമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.