UDF

2011, നവംബർ 14, തിങ്കളാഴ്‌ച

കോടതികാര്യത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി



മുംബൈ: കോടതിവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം വിധിക്കെതിരെ സമരം നടത്തുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.എം. ഈ ഇരട്ടത്താപ്പില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അതിലിടപെടാന്‍ ശ്രമിക്കും. നഴ്‌സായിരുന്ന ബീന ബേബിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചിട്ടുണ്ട്. ബീനയുടെ കുടുംബത്തിന് കേരളസര്‍ക്കാര്‍ രണ്ടുലക്ഷംരൂപ സഹായധനം നല്കിയിട്ടുണ്ട്.

മറുനാടന്‍മലയാളികളുടെ ട്രെയിന്‍ യാത്രാക്ലേശം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. മറുനാട്ടില്‍ മലയാളഭാഷാപഠനവും ശക്തമാക്കും. കേരളത്തിന്റെ വ്യവസായവികസനവുമായി ബന്ധപ്പെട്ട് സാം പിത്രോഡയുമായി സംഭാഷണം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന സാമ്പത്തികഫോറത്തിലും കേരളത്തിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയായിരിക്കും ചര്‍ച്ചകളില്‍ പങ്കുകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.