UDF

2011, നവംബർ 2, ബുധനാഴ്‌ച

മോണോ റെയില്‍പാതയുടെ ദൂരപരിധി കൂട്ടും: മുഖ്യമന്ത്രി


തിരുവനന്തപുരം: കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ നടപ്പിലാക്കാനിരുന്ന മോണോ റെയില്‍പാതയുടെ ദൂരപരിധി കൂട്ടും. നേരത്തെ നിശ്ചയിച്ചിരുന്നത് 28 കിലോമീറ്ററാണ്. ഇപ്പോളത് നെയ്യാറ്റിന്‍കര വരെ നീട്ടാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി സര്‍വെയ്ക്കായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. കോഴിക്കോടും മോണോ റെയില്‍പാതയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ കെട്ടിടം പണി കാക്കനാട് പൂര്‍ത്തിയായിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നത് വരെ ഹൈക്കോടതിക്ക് ആ കെട്ടിടങ്ങള്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വിട്ടുകൊടുത്തു.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അവകാശികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പുതുക്കി എഴുതിയ റീസെറ്റില്‍മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ആര്‍.ആന്‍ഡ്.ആര്‍) നിയമരേഖ സര്‍ക്കാര്‍ അംഗീകരിച്ചു. സ്ഥലം നല്‍കുന്നവരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതാണ് പുതുക്കിയ രേഖ. അത് വിശദമായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍. ബാലകൃഷ്ണ പിള്ളയെ ജയില്‍മോചിതനാക്കിയ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അക്കാര്യത്തില്‍ നിയമപരമായി സര്‍ക്കാരിനുള്ള അധികാരം മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. മുന്‍സര്‍ക്കാരുകള്‍ ഇതുപോലെ പലതവണ തീരുമാനമെടുത്തിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു.