UDF

2011, നവംബർ 9, ബുധനാഴ്‌ച

മലയാള സര്‍വകലാശാല ഈ വര്‍ഷം -മുഖ്യമന്ത്രി

മലയാള സര്‍വകലാശാല ഈ വര്‍ഷം -മുഖ്യമന്ത്രി



തിരുവനന്തപുരം: മലയാള സര്‍വകലാശാല ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതില്‍ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലയാളഭാഷക്ക് പരമാവധി പ്രാധാന്യം നല്‍കാനും വളര്‍ത്താനുമുള്ള കൂട്ടായ ശ്രമമുണ്ടാകണം. മലയാളത്തെ ഒന്നാം ഭാഷയാക്കുകയും പഠനം നിര്‍ബന്ധമാക്കുകയും ചെയ്തു. ശ്രേഷ്ഠ ഭാഷാ പദവിക്ക് കേന്ദ്രം ആവശ്യപ്പെട്ട രേഖകളും റിപ്പോര്‍ട്ടുകളും നല്‍കി.ഭരണഭാഷ മലയാളമാക്കാന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും പൂര്‍ണമായിട്ടില്ല. ഏറ്റവും വേഗത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇതിന്‍െറ നടപടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കവയിത്രി സുഗതകുമാരിയെ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. ഭാഷ നഷ്ടപ്പെടുമ്പോള്‍ സംസ്കാരമാണ് നഷ്ടപ്പെടുന്നതെന്ന് സുഗതകുമാരി പറഞ്ഞു. മലയാള ഭാഷയെ നഷ്ടപ്പെടുത്താനുള്ള അവിരാമ ശ്രമം നടക്കുന്നു. മലയാളം പറയുന്നത് ഇന്ന് അഭിമാനമല്ലാതായിരിക്കുന്നു. മലയാളത്തിന്‍െറ വേഷവും സംസ്കാരവും ഈണവുമെല്ലാം പോയി. ഇതൊന്നും അറിഞ്ഞുകൂടാത്ത പുതിയ തലമുറവളര്‍ന്നു കഴിഞ്ഞു. മലയാള കവിതകള്‍ കാണാതെ പഠിക്കേണ്ടതില്ളെന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തണം. നമ്മുടെ ഈണത്തില്‍ കവിത ചൊല്ലി പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. മലയാളം ഒന്നാം ഭാഷയാക്കിയ ഉത്തരവ് ചില സി.ബി.എസ്.ഇ, വി.എച്ച്.എസ്.സി, സംസ്കൃതം-അറബിക് സ്കൂളുകളില്‍ നടപ്പാക്കുന്നില്ല. ഇത് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കണം. മലയാളം സര്‍വകലാശാല എവിടെ വേണമെന്ന കാര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സുഗതകുമാരി പറഞ്ഞു.

അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.ജെ. മാത്യു സ്വാഗതവും സുരേഷ്ബാബു നന്ദിയും പറഞ്ഞു.