UDF

2011, നവംബർ 23, ബുധനാഴ്‌ച

ചെലവുകുറഞ്ഞ വിമാന സര്‍വീസ് പരിഗണനയിലെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ചെലവു കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേരളത്തിലെ പ്രവാസികളുടെ എണ്ണം പരിഗണിച്ചാണിത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച ഉടനെ നടത്തും.

എന്നാല്‍, കണ്ണൂരില്‍ സംസ്ഥാനത്തെ നാലാമത് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യക്തിഗത നിക്ഷേപത്തിനുള്ള പരിധി 50,000 രൂപയാക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് 2,00,100 രൂപയായിരുന്നു. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നിക്ഷേപ പരിധി കുറച്ചത്. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും. 23 ശതമാനം ഓഹരികള്‍ പൊതുമേഖലയിലും. 49 ശതമാനം ഓഹരികളാണ് സ്വാകാര്യ നിക്ഷേപകര്‍ക്കായി നീക്കി വെച്ചിട്ടുള്ളത്. ബാക്കി വരുന്ന രണ്ട് ശതമാനം ഓഹരികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്കായും മാറ്റിവെച്ചു.

രാജ്യാന്തര റൂട്ടുകളില്‍ പ്രതിവര്‍ഷം യാത്രചെയ്യുന്ന പത്ത് ലക്ഷം യാത്രക്കാര്‍ക്ക് വിമാനത്താവളം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര റൂട്ടുകളില്‍ 3,00,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കണ്ണുരിലെ ജനസംഖ്യയുടെ 13 ശതമാനത്തോളം പ്രവാസികളാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2000 എക്കറില്‍ സ്ഥാപിക്കുന്ന വിമാനത്താവളം 2013ഒടെ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് സര്‍ക്കാരിന്റ പ്രതീക്ഷ. സംസ്ഥാനത്തെ ജനസംഖ്യയില്‍ 40 ലക്ഷത്തോളം പേര്‍ പ്രവാസികളാണ്. അതിലേറെയും ഗള്‍ഫിലാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്ലാമിക് ബാങ്കിങ് സേവനത്തെ സംസ്ഥാനം പിന്തുണക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ബറാക്ക ബാങ്കിംഗ് കമ്പനിക്ക് നിയമാനുസൃതമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദംഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് നിലവിലെ സര്‍ക്കാര്‍ കൂടുതലൊന്നും തീരുമാനച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.