UDF

2011, നവംബർ 8, ചൊവ്വാഴ്ച

പേര് ശരണസേതു സന്നിധാനത്ത് ബെയ്‌ലിപാലം തുറന്നു

ശബരിമല: ശബരിമല സന്നിധാനത്ത് പുതിയതായി നിര്‍മ്മിച്ച ബെയ്‌ലിപാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
93 ദിവസംകൊണ്ടാണ് 'ശരണസേതു' എന്ന പേരില്‍ അറിയപ്പെടുന്ന ബെയ്‌ലിപാലവും സമീപനറോഡും പണി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ ബെയ്‌ലിപാലം റാന്നിയില്‍ 1996ലാണ് സ്ഥാപിച്ചത്. കരസേനയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പാണ് പാലം നിര്‍മ്മിച്ചത്.

പാലം നിര്‍മ്മാണത്തില്‍ കരസേനയുടെ സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുന്‍കൈയെടുത്ത പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ അദ്ദേഹം അനുമോദിച്ചു.

ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം.മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്‍േറാ ആന്റണി എം.പി., എം.എല്‍.എ.മാരായ രാജു ഏബ്രഹാം, കെ. ശിവദാസന്‍ നായര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

എം.ഇ.ജി.യെ പ്രതിനിധീകരിച്ചെത്തിയ മേജര്‍ ജനറല്‍ സുബ്രദോമിശ്ര, സമീപനറോഡ് നിര്‍മ്മിച്ച കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.ജന്‍ഗന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ സ്വാഗതവും ബോര്‍ഡ് അംഗം കെ.വി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു.