UDF

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കുടുംബസ്വത്ത് പിതാവിന്റെ പേരിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ കുടുംബസ്വത്ത് ഇപ്പോഴും പിതാവിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബസ്വത്ത് താന്‍ വെളിപ്പെടുത്തിയില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് രേഖകളില്‍ എന്റെ പേര് ചാണ്ടി ഉമ്മന്‍ എന്നാണ്. കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടി എന്നത് എന്റെ പിതാവിന്റെ പേരാണ്. അത് താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിതാവ് കുറേ ഭൂമി നേരത്തെ എഴുതി നല്‍കിയിരുന്നു. അത് താന്‍ വിറ്റു. പിന്നെ ഒന്നും എഴുതി ത്തന്നിട്ടില്ല. എന്റെ പേരിലുള്ള എല്ലാ സ്വത്തും വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയതില്‍ ഭൂസ്വത്തിന്റെ മൂല്യമില്ലാത്തത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നിലവിലുള്ള ഫോമില്‍ ഇതുണ്ടായിരുന്നിലെന്നും അടുത്ത വര്‍ഷം മുതല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.എസും ചുറ്റുമുള്ള ക്രിമിനല്‍സംഘവുമാണ് കേസുകള്‍ക്ക് പിന്നിലെന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ച് കൂടി സമയമെടുത്ത് പറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ കോളജുകളിലെ സാമുദായിക ക്വോട്ട നിശ്ചയിച്ചതിലുണ്ടായ പ്രശ്‌നങ്ങള്‍ സ്വാശ്രയ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കുന്ന ഘട്ടത്തില്‍ പരിഹരിക്കും. 15 ശതമാനം സാമുദായിക ക്വോട്ട ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കിട്ടിയിരുന്നത്. അത് ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കൂടി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇക്കൊല്ലം കമ്യൂണിറ്റി ക്വോട്ടയുടെ കാര്യം ബന്ധപ്പെട്ട കോളജ് മാനേജ്‌മെന്റുകളുടെ തീരുമാനം അനുസരിച്ചായിരിക്കും. എയ്ഡഡ് കോളജുകളിലും 15 ശതമാനം കമ്യൂണിറ്റി ക്വോട്ട ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാറശ്ശാല എം.എല്‍.എ 108 ആംബുലന്‍സുകാരെ മര്‍ദിച്ചെന്ന പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.