മത്സ്യത്തൊഴിലാളി സമശ്വാസ പദ്ധതി; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ല


മാള: മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരുമാനം തിരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പൊയ്യ ഫിഷ്ഫാമില്‍ നടന്ന മത്സ്യകേരളം കരിമീന്‍ വര്‍ഷം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മികച്ച മത്സ്യക്കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്തു. പൊയ്യ നെയ്തല്‍ പൈതൃക മത്സ്യഗ്രാമം പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ കൃഷിമന്ത്രി കെ.പി. മോഹനനില്‍നിന്നു അദ്ദേഹം ഏറ്റുവാങ്ങി.
രാഷ്ട്രീയമായി യോജിപ്പുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കണ്ണടച്ച് അംഗീകരിക്കാനാവില്ല. പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ദുരിതമനുഭവിക്കുന്ന തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍-എ.പി.എല്‍. എന്നായി വേര്‍തിരിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ബി.പി.എല്‍. വിഭാഗത്തെ നിശ്ചയിച്ചതില്‍ ഏറെ അപാകങ്ങള്‍ ഉള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 300 രൂപയില്‍ നിന്നു 400 രൂപയായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. ജനവരി മുതലുള്ള പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യും. സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2006ല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിച്ച 1445 കോടി രൂപയുടെ വിനിയോഗം തൃപ്തികരമായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.