UDF

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

പറമ്പിക്കുളത്തേക്ക് നേരിട്ടുള്ള പാതയ്ക്ക് ശ്രമിക്കും

പറമ്പിക്കുളത്തേക്ക് നേരിട്ടുള്ള പാതയ്ക്ക് ശ്രമിക്കും


-പറമ്പിക്കുളം: കേരളത്തില്‍നിന്ന് നേരിട്ട് പറമ്പിക്കുളത്ത് എത്തുന്നതിന് വനപാത യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പറമ്പിക്കുളത്ത് പുതുതായിനിര്‍മിച്ച പോലീസ്‌സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചാണ് പറമ്പിക്കുളത്ത് എത്തുന്നത്. കേരളത്തില്‍നിന്ന് നേരിട്ട് പാത നിര്‍മിക്കുന്നതിന് തടസ്സം കേന്ദ്ര വനം-പരിസ്ഥിതി സംരക്ഷണനിയമമാണ്. തടസ്സം നീക്കുന്നതിനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിക്കും. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും നിര്‍ദിഷ്ട പാത. ഇതുവഴി രാത്രികാലഗതാഗതം നിരോധിക്കും. ഈ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് കേന്ദ്രത്തില്‍നിന്ന് അനുമതി വാങ്ങാമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പറമ്പിക്കുളത്തെ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. മാവേലിസ്റ്റോര്‍ സ്ഥാപിക്കും. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കും. പഴയ പോലീസ്‌സ്റ്റേഷന്‍ കെട്ടിടം നന്നാക്കി ഗസ്റ്റ്ഹൗസായി സംരക്ഷിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗതസൗകര്യമില്ലാത്ത ഉള്‍പ്രദേശങ്ങളിലെയും വനമേഖലയിലെയും സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പറമ്പിക്കുളത്തിന്റെ വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ വി. ചെന്താമരാക്ഷന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.