UDF

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഉന്നത വിദ്യാഭ്യാസരംഗത്തെ പോരായ്മകള്‍ പരിഹരിക്കണം

കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നേരിടുന്ന പോരായ്മകള്‍ പരിഹരിച്ച്‌വേണം മുന്നോട്ട് പോകാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിഎം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രൊഫ. ബാഹുദീന്‍ മെമ്മോറിയല്‍ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലഘട്ടത്തില്‍ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പക്ഷെ, ഇന്ന് ഈ മേഖലയില്‍ അഭിമാന നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിന്റെ മുന്നേറ്റം പൂര്‍ണവിജയത്തിലെത്തിക്കാന്‍ സാധിക്കൂ. വിദ്യാഭ്യാസ രംഗത്ത് ഇന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം തന്നെ താത്കാലികമാണ്- അദ്ദേഹം പറഞ്ഞു.

പിഎം ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 1000 ത്തോളം വിദ്യാര്‍ഥികളാണ് അവാര്‍ഡിനര്‍ഹരായത്. പിഎം ഫൗണ്ടേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഹബീബ് ഏറ്റുവാങ്ങി.

ഫൗണ്ടേഷന്റെ 25-ാമത് അവാര്‍ഡ്ദാന ചടങ്ങാണ് ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.