UDF

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി; കര്‍മപരിപാടിക്ക് തുടക്കം








തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിനങ്ങളെ പ്രോഗ്രസ്
റിപ്പോര്‍ട്ടിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുവശത്തുമായി
മന്ത്രിമാര്‍. ഒരുമണിക്കൂറോളം നീണ്ട റിപ്പോര്‍ട്ട് അവതരണത്തിനൊടുവില്‍
ഉമ്മന്‍ചാണ്ടിക്ക് കൈയടി. സര്‍ക്കാരിന് മാര്‍ക്ക് നൂറ്റിയേഴില്‍
നൂറ്റിയൊന്ന്. ഈ നൂറ്റൊന്നില്‍ തൊട്ട് ഒരുവര്‍ഷത്തെ കര്‍മപദ്ധതിക്കും
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കും തുടക്കമാകുന്നു.



വി.ജെ.ടി.ഹാളില്‍ മന്ത്രിമാരെയും മാധ്യമപ്പടയെയും ഉദ്യോഗസ്ഥ വൃന്ദത്തെയും
സാക്ഷിനിര്‍ത്തിയായിരുന്നു മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട്
അവതരിപ്പിച്ചത്. ഉടുപ്പില്‍ ചെറുമൈക്ക് പിടിപ്പിച്ച്, വലിയ സ്‌ക്രീനില്‍
പവര്‍ പോയിന്റിന്റെ സഹായത്തോടെ മുഖ്യമന്ത്രി തന്റെ സര്‍ക്കാരിനെ
വിലയിരുത്തി : ''സര്‍ക്കാരിന്റെ നൂറുദിനം ഇന്നലെ പൂര്‍ത്തിയായി. ആദ്യം
വാഗ്ദാനം ചെയ്തതുപോലെ ഈ ദിനങ്ങളിലെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മുന്നില്‍
അവതരിപ്പിക്കുകയാണ്. നൂറ്റിയേഴ് പരിപാടികളാണ് ഞങ്ങള്‍ അവതരിപ്പിച്ചത്.
അതില്‍ നൂറ്റിയൊന്നെണ്ണം നടപ്പാക്കുകയോ നടപ്പാക്കുന്ന ഘട്ടത്തിലോ ആണ്.
ഞങ്ങള്‍ക്ക് വല്ലാത്തൊരു ആത്മവിശ്വാസം പകരുന്ന വിജയമാണിത്.



കൂട്ടുത്തരവാദിത്വത്തോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി
പ്രവര്‍ത്തിച്ചു. വിവാദങ്ങളല്ല, റിസള്‍ട്ടാണ് വേണ്ടതെന്ന് ഞങ്ങള്‍ ആദ്യമേ
തീരുമാനിച്ചു. പ്രതിപക്ഷം പോലും അത്തരത്തില്‍ പിന്തുണച്ചു. ഇതിന്റെ വിജയം
ഒരുവര്‍ഷത്തെ കര്‍മപരിപാടിക്ക് തുടക്കമിടാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയാണ്.
ഒപ്പം അടുത്ത 20 വര്‍ഷക്കാലത്തെ കേരളം എങ്ങനെയാകണമെന്ന്
ആവിഷ്‌ക്കരിക്കുന്ന വിഷന്‍- 2030 ന് ഞങ്ങള്‍ തുടക്കമിടുന്നു. കേരളത്തിന്
കഴിഞ്ഞകാലങ്ങളില്‍ ഏറെ നഷ്ടങ്ങളുണ്ടായി. പുതിയ തലമുറയ്ക്ക് ഇവിടെ അവസരം
കൊടുക്കണം. അതാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം''- മുഖ്യമന്ത്രി പറഞ്ഞു.







തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന ഓരോ പദ്ധതിയെക്കുറിച്ചും അദ്ദേഹം
ആവേശത്തോടെ വിശദീകരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാക്കിയത്,
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങിയത്, 117
സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നത്, മന്ത്രിമാരുടെ
സ്വത്തുവിവരം പരസ്യമാക്കിയത്, 17 ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന്
വിട്ടത്... മുഖ്യമന്ത്രി വിശദീകരിച്ചു. ഇടയ്ക്ക് ചിലപ്പോള്‍ മന്ത്രിമാരോട്
ചില സംശയങ്ങള്‍, അവരുടെ ഉത്തരത്തിനനുസരിച്ച് വീണ്ടും വ്യാഖ്യാനങ്ങള്‍.
വിഴിഞ്ഞം, സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ, വികലാംഗ നിയമനം,
ക്ഷേമപെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നയം, അധ്യാപക പാക്കേജ് എന്നിങ്ങനെ
സര്‍ക്കാര്‍ ഏറ്റെടുത്ത ഓരോ പരിപാടികള്‍ സ്‌ക്രീനില്‍ നോക്കി മുഖ്യമന്ത്രി
വിശദീകരിച്ചു.







അഞ്ചേകാല്‍ ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയതും അപേക്ഷിച്ച ഉടന്‍
റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കിയതുമാണ് തനിക്ക് ഏറ്റവും
സംതൃപ്തി നല്‍കിയ പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ
ഫയല്‍ നീക്കത്തിലാണ് തനിക്ക് അസംതൃപ്തിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. ''ഈ
സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ 1.32 ലക്ഷം ഫയലുകളാണ്
സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത്. നൂറുദിനം പിന്നിട്ടപ്പോള്‍
49,384 ഫയലുകളില്‍ തീര്‍പ്പായി.



അത് പോരാ. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തിലും പുരോഗതി
ഉണ്ടായേനെ... ഏതായാലും അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്''-
മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്,
കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, വി.എസ്.ശിവകുമാര്‍, ഷിബു
ബേബിജോണ്‍, എം.എല്‍.എ മാരായ കെ.മുരളീധരന്‍, വര്‍ക്കല കഹാര്‍, ചീഫ്
സെക്രട്ടറി വി.പ്രഭാകരന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍
കെ.എം.ചന്ദ്രശേഖര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.