UDF

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

മടക്കം നിറഞ്ഞ മനസ്സോടെ

മടക്കം നിറഞ്ഞ മനസ്സോടെ


ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്ന പത്തംഗ മന്ത്രിസംഘം തിരിച്ചുപോകുന്നത് നിറഞ്ഞ മനസ്സോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഒറ്റയടിക്ക് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മടങ്ങാമെന്ന വിശ്വാസത്തോടെയല്ല ദല്‍ഹിയിലേക്ക് വന്നതെന്ന് മന്ത്രിസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി, ധനമന്ത്രി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ എന്നിവര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞില്ളെന്ന പോരായ്മയുണ്ട്. എങ്കിലും കേരളത്തില്‍നിന്നുള്ളവര്‍ അടക്കം 16 മന്ത്രിമാരെ കണ്ടു. അതുവഴി നല്ല തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം വരാന്‍ പരിപാടിയിട്ടെങ്കിലും ദല്‍ഹില്‍ മന്ത്രിമാരുടെ തിരക്കുകള്‍ കാരണം റദ്ദാക്കേണ്ടി വന്നു. ഇനിയിപ്പോള്‍ ഒന്നര മാസത്തേക്ക് നിയമസഭാ സമ്മേളനമാണ്. ഇപ്പോള്‍ നടന്നില്ളെങ്കില്‍ സന്ദര്‍ശനങ്ങള്‍ നീണ്ടുപോകും എന്നതുകൊണ്ടാണ് പ്രധാനമന്ത്രി അടക്കം ഇല്ളെങ്കില്‍ക്കൂടി ഇപ്പോള്‍ വരാന്‍ തീരുമാനിച്ചത്. തിരക്കുപിടിച്ച കൂടിക്കാഴ്ചകളും ചില വീഴ്ചകളുമൊക്കെ ഉണ്ടെങ്കിലും രണ്ടു ദിവസത്തെ പരിപാടി വിജയമായി.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ നാടകമാണ് ദല്‍ഹിയില്‍ നടന്നതെന്ന് സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍ പറഞ്ഞു. കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തന്നെ കേരളത്തിന്‍െറ കാര്യത്തില്‍ വേണ്ടതു ചെയ്തില്ല. ഇക്കാര്യം വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയൊക്കെ പറയാനെങ്കിലും പ്രതിപക്ഷത്തിന് അവകാശമില്ളെങ്കില്‍ പിന്നെന്തു ജനാധിപത്യമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

എല്‍.ഡി.എഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അരിക്കുവേണ്ടി വഴിയില്‍ കുത്തിയിരിക്കാനാണ് ദല്‍ഹിക്ക് വണ്ടി കയറിയത്. എന്നിട്ട് എന്തു നേടി? ഫലം ഉണ്ടാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ കൂടെ കൂട്ടാമായിരുന്നു എന്ന് മുന്‍മന്ത്രി സി. ദിവാകരന്‍ പറയുന്നു. സംസ്ഥാന മന്ത്രിമാര്‍ നടത്തുന്ന നാടകത്തില്‍ അഭിനയിക്കാനാണോ അപമാനിച്ചുവെന്ന പഴി കേള്‍ക്കാനാണോ പ്രതിപക്ഷത്തെ കൂടെ കൂട്ടേണ്ടത്? തിരിച്ചു ചെല്ലുമ്പോള്‍ കരിങ്കൊടി കാണിക്കുമെന്ന് ഡി.വൈ.എഫ്.ഐക്കാര്‍ പറയുന്നു. വയനാട്ടില്‍ കരിങ്കൊടി കാണിച്ചവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ എഴുതിക്കൊടുത്തശേഷമാണ് താന്‍ ദല്‍ഹിക്ക് പോന്നതെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.