UDF

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

അസഹിഷ്ണുതയ്ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം

വര്‍ക്കല: സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്ക് കാരണം സഹിഷ്ണുതയില്ലായ്മയാണെന്നും ഇതിനുള്ള പരിഹാരം ഗുരുദേവ ദര്‍ശനമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്' എന്നുതുടങ്ങിയ ഗുരുവിന്റെ ലളിതമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ് സമൂഹത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണം. ശ്രീനാരായണഗുരുവിന്റെ 84-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കാതെയും അവരെ ആദരിക്കുകയും ചെയ്തുകൊണ്ടുള്ള ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കാലം ചെല്ലുന്തോറും പ്രസക്തി ഏറിവരികയാണ്. ഗുരു ഒരു സമുദായത്തിനുമാത്രമല്ല സമൂഹത്തിനാകെത്തന്നെ പ്രചോദനം നല്‍കുന്ന ശക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശിവഗിരിയിലെ സാരഥികളുടെ ലക്ഷ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കലക്കും ശിവഗിരിക്കും പ്രത്യേകിച്ച് ഗുണം ചെയ്യുന്ന കോവളം-കൊല്ലം ദേശീയ ജലപാതയുടെ നിര്‍മാണം അടുത്തഘട്ടത്തില്‍ ഏറ്റെടുക്കും. ഇതിനായി കേന്ദ്രത്തിന്റെ ഫണ്ടുണ്ടെങ്കിലും ജലപാതയ്ക്ക്‌വേണ്ട സ്ഥലസൗകര്യം ലഭിക്കാത്തതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രി കെ.ബാബു അധ്യക്ഷനായിരുന്നു.