UDF

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിയുടെ ഓഫിസില്‍ രാപ്പകല്‍ പരാതി പരിഹാരം

മുഖ്യമന്ത്രിയുടെ ഓഫിസില്‍ രാപ്പകല്‍ പരാതി പരിഹാരം


മരണത്തിലേക്ക് അടുക്കുമ്പോഴും ഓടിച്ചുകൊണ്ടിരിക്കുന്ന ബസിലെ മുഴുവന്‍
യാത്രക്കാരെയും രക്ഷിച്ച കെ.എസ്.ആര്‍.ടി.സിയിലെ എം.പാനല്‍ ഡ്രൈവര്‍
സുരേഷ്‌കുമാറിന് ജീവന്‍രക്ഷാ പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍
ശിപാര്‍ശചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തനംതുടങ്ങിയ മുഖ്യമന്ത്രിയുടെ
ഓഫിസിലെ കോള്‍സെന്ററിലേക്ക് ആദ്യവിളി സുരേഷ്‌കുമാറിന്റെ മകന്‍
അനീഷിന്‍േറതായിരുന്നു. ഇങ്ങേ തലയ്ക്കല്‍ ഫോണ്‍ എടുത്തത് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയും.

പാപ്പനംകോട് ഡിപ്പോയിലെ എം. പാനല്‍ ഡ്രൈവറായ സുരേഷ്‌കുമാര്‍
ബസോടിക്കവെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചത്. അപകടകരമായ റോഡില്‍ ബസ്
സുരക്ഷിതമായി നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും രക്ഷിച്ച ശേഷം അദ്ദേഹം
മരണത്തിന് കീഴടങ്ങുകയായിരുന്നു.


അനീഷ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷം അച്ഛന് ജീവന്‍
രക്ഷിച്ചതിനുള്ള പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട്
നിവേദനംനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. ഉടന്‍തന്നെ
മുഖ്യമന്ത്രി പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ വിളിച്ച് ഫയലിലെ
വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം വ്യാഴാഴ്ച തന്നെ പുരസ്‌കാരം നല്‍കാന്‍
കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കുമെന്നറിയിച്ചു.
മക്കളില്‍ ആരെങ്കിലും ഒരാള്‍ക്ക് ജോലി നല്‍കുന്നത് പരിഗണിക്കുമെന്നും
മുഖ്യമന്ത്രി വാഗ്ദാനം നല്‍കി.


സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കോള്‍ സെന്റര്‍
ഒരുക്കിയിരിക്കുന്നത്. മൂന്ന് ഷിഫ്റ്റില്‍ 24 മണിക്കൂറും കോള്‍ സെന്റര്‍
പ്രവര്‍ത്തിക്കും. പരാതിലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഇടക്കാല മറുപടി
സെക്ഷന്‍ ഓഫിസര്‍ക്ക് നല്‍കണം. നല്‍കിയില്ലെങ്കില്‍ അഞ്ച് ദിവസം
കഴിയുമ്പോള്‍ വകുപ്പുതലവന് എസ്.എം.എസ് അലര്‍ട്ട് ലഭിക്കും. പത്ത് ദിവസം
കഴിഞ്ഞാല്‍ വകുപ്പ് സെക്രട്ടറിക്കും 14ാം ദിവസം വകുപ്പ് മന്ത്രിക്കും 15ാം
ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിലും അറിയിപ്പ് കിട്ടും.16 ജീവനക്കാരെ ഇതിനായി
നിയോഗിച്ചു.


കോള്‍ സെന്ററിലേക്ക് ബി.എസ്.എന്‍.എല്‍ ഫോണില്‍ നിന്ന് 1076 എന്ന
നമ്പറിലും മറ്റ് ഫോണുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പറിലും
വിളിക്കാം. ഏഴ് കോള്‍ വരെ ഒരേ സമയം അറ്റന്‍ഡ് ചെയ്യാനാകും. കോള്‍ വന്നാല്‍
ഓപറേറ്റര്‍ അറ്റന്‍ഡ് ചെയ്ത് അതിന്റെ സംഗ്രഹം കമ്പ്യൂട്ടറില്‍
രേഖപ്പെടുത്തി സെക്ഷന്‍ ഓഫിസര്‍ക്ക് കൈമാറും. പരാതിക്കാരന് അപ്പോള്‍
നേരിട്ടും എസ്.എം.എസ് വഴിയും ഒരു ഡോക്കറ്റ് നമ്പര്‍ ലഭിക്കും.പരാതി വകുപ്പ്
മന്ത്രി, വകുപ്പ് സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ ഓഫിസര്‍ എന്നീ അഞ്ച്
തലത്തില്‍ പോകും. സെക്ഷന്‍ ഓഫിസര്‍ ബന്ധപ്പെട്ട പരാതി ബന്ധപ്പെട്ട
ഓഫിസര്‍മാര്‍ക്ക് നല്‍കും.


പരാതി സംബന്ധിച്ച അന്തിമ തീരുമാനം എസ്.എം.എസായി പരാതിക്കാരന് നല്‍കും.
ഇതിനിടെ എപ്പോള്‍ വേണമെങ്കിലും പരാതിക്കാരന് ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച്
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റായ www.keralacm.gov.in എന്ന സൈറ്റില്‍ നിന്ന് വിവരങ്ങള്‍ അറിയാനാകും.


കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി. ജോസഫ്,
വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്,
എം.എല്‍.എമാര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുത്തു.