UDF

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഓണസമ്മാനമെന്ന് പ്രവാസി സംഘടനകള്‍

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഓണസമ്മാനമെന്ന് പ്രവാസി സംഘടനകള്‍

ദുബൈ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസി മലയാളികള്‍ക്കും കേരള സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് പ്രവാസി സംഘടനകളും പ്രമുഖ പ്രവാസികളും സ്വീകരിച്ചത്. അക്ഷരാര്‍ഥത്തില്‍ ഇത് ഗള്‍ഫ് മലയാളികള്‍ക്കുള്ള കേരള സര്‍ക്കാറിന്റെ പെരുന്നാള്‍-ഓണസമ്മാനമാണെന്ന് സംഘടനകള്‍ വിലയിരുത്തി.
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ച ആദ്യ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ ഏറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന, സുപ്രധാന വിഷയത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മരുഭൂമിയിലെ പൊരിവെയിലില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത്, രോഗാവസ്ഥയിലാകുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ഈ നടപടി.
എന്‍.ആര്‍.ഐ വകുപ്പ് വിപുലീകരിച്ച് കൂടുതല്‍ സജീവമാക്കുമെന്ന പ്രഖ്യാപനവും എംബസികളിലും കോണ്‍സുലേറ്റുകളിലും കൂടുതല്‍ മലയാളികളെ നിയോഗിക്കുമെന്ന പ്രഖ്യാപനവും പ്രവാസികള്‍ക്ക് ഇരട്ടി മധുരമായി.
അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച നടപടിയെ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മേധാവിയും യുനൈറ്റഡ് ഇന്ത്യന്‍ എക്‌സ്‌പാട്രിയേറ്റ്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. കെ.പി. ഹുസൈന്‍ സ്വാഗതം ചെയ്തു. പെരുന്നാള്‍-ഓണ സമ്മാനമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. പ്രവാസികളും യു.ഡി.എഫ് സര്‍ക്കാറുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്രഖ്യാപനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി പ്രവാസി ആവശ്യപ്പെടുന്ന പെന്‍ഷന്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ കമ്മിറ്റി അഭിനന്ദിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നതും എല്ലാ എംബസികളിലും മലയാളി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന പ്രഖ്യാപനവും സാധാരണക്കാരായ പ്രവാസികള്‍ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പ്രവാസി ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.എ.ഇ ഈസ്റ്റ് കോസ്റ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ആദ്യമായാണ് കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു പ്രവാസി അനുകൂല തീരുമാനമുണ്ടാകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. പ്രവാസിയുടെ യാത്രാ പ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് കെ.സി. അബൂബക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ അറിയിച്ചു. 55 വയസ്സ് കഴിഞ്ഞുവെന്ന ഒറ്റക്കാരണത്താല്‍ മാത്രം പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും മാറ്റിനിര്‍ത്തിയ പ്രതികൂല സാഹചര്യങ്ങളില്‍ നമുക്ക് വഴികാട്ടികളായ ആദ്യകാല പ്രവാസികള്‍ക്കുമേല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ സ്വാഗതം ചെയ്തു.
വിദേശ രാജ്യങ്ങളിലെ ജയിലില്‍ അകപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കാന്‍ ലീഗല്‍ സെല്‍ രൂപവല്‍ക്കരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ പ്രസിഡന്റ് നൂറുദ്ദീന്‍ സ്വാഗതം ചെയ്തു. കാലങ്ങളായി അജ്ഞത മൂലം നിരപരാധികളായ നിരവധിയാളുകള്‍ ജയിലിലകപ്പെട്ടിട്ടുണ്ട്. കാലവിളംബം വരുത്താതെ ഇവരുടെ മോചനം സാധ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനും നോര്‍ക്കയുടെ കീഴില്‍ ലീഗല്‍ സെല്‍ ആരംഭിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീരുമാനത്തെ റാസല്‍ഖൈമ കേരള സമാജം ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പ്രവാസികളെ നൂലാമാലകളില്‍പ്പെടുത്താതെ ഇത് പ്രയോഗവല്‍ക്കരിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും പ്രസിഡന്റ് എ.കെ. സേതുനാഥും ജന. സെക്രട്ടറി ഒ.എം. ഷരീഫും ആവശ്യപ്പെട്ടു.