UDF

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

കൊച്ചി മെഡിക്കല്‍ സിറ്റി പരിഗണിക്കും

തിരുവനന്തപും: കൊച്ചിയില്‍ ആയിരം കോടി രൂപയുടെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്​പിറ്റല്‍ സ്ഥാപിക്കാന്‍ ലഭിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശസ്ത ക്രിക്കറ്റ് താരം കപില്‍ദേവ് ഉള്‍പ്പെടുന്ന കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരം കിടക്കകളുള്ള അലോപ്പതി ആശുപത്രി, 50 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രി, മെഡിക്കല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതിയാണിത്. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു.

മെഡിക്കല്‍ രംഗത്തെ ഏഴായിരം പേര്‍ക്ക് പ്രത്യക്ഷമായും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിലാണ് മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ നിന്ന് വന്‍തോതില്‍ സംഭവിക്കുന്ന മസ്തിഷ്‌ക ചോര്‍ച്ച തടയുന്നതിനും നാട്ടിലും വിദേശത്തുമുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും മെഡിക്കല്‍ സിറ്റി സഹായകരമാകുമെന്ന് കപില്‍ ദേവ് ചൂണ്ടിക്കാട്ടി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ. ബാബു, കെ.പി. മോഹനന്‍ എന്നിവരും മെഡിക്കല്‍ സിറ്റി ചെയര്‍മാന്‍ മോഹന്‍ തോമസ്, എം.ഡി. ഹസന്‍കുഞ്ഞ്, മാത്യു ഫ്രാന്‍സിസ്, മിബു ജോസ്, ജയ വി. ജയനാഥന്‍, പി. സെബാസ്റ്റ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.