UDF

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

പദ്മനാഭസ്വാമി ക്ഷേത്രം: അവസാനവാക്ക് സുപ്രീംകോടതിയുടേത്

ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യത്തോടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാണ് പ്രത്യേക കമ്മിറ്റിയെ നിയമിച്ചത്. അവരുടെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് ചര്‍ച്ച ചെയ്ത് ഉചിതമായ നടപടിയെടുക്കും. സുരക്ഷയുടെയും സ്വത്തിന്റെയും കാര്യത്തില്‍ സുപ്രീംകോടതിയുടേതാവും അവസാനവാക്ക്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

സ്വത്ത് ക്ഷേത്രത്തിന്‍േറതാണ്. സാധിക്കുമെങ്കില്‍ അത് ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കണം. അതിനാവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്‍കും. 233 പോലീസുകാരെ ക്ഷേത്രത്തിലേക്ക് കൂടുതലായി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 14 കേന്ദ്രമന്ത്രിമാരെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാണുന്നത്.

പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെക്കുറിച്ച് അത് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള കാഡറിലാണെങ്കിലും ഇപ്പോള്‍ കേന്ദ്രത്തിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹം അപ്പീല്‍ കൊടുത്തതില്‍ സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. താന്‍ ഏതായാലും ഈ കേസുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിക്കില്ല -അദ്ദേഹം വ്യക്തമാക്കി.

100 ദിന പരിപാടി സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മനസ്സുവെച്ചാല്‍ കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. അതിന് ഒരു ഉദാഹരണമാണ് 10,503 അധ്യാപകരെ സ്ഥിരപ്പെടുത്തി ശമ്പളം നല്‍കാനെടുത്ത തീരുമാനം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ഇതിലൂടെ പരിഹരിച്ചത്. കുട്ടികളുടെ തലയെണ്ണലും അധ്യാപകരെ പിരിച്ചുവിടലുമെല്ലാം ശാശ്വതമായി ഇല്ലാതാവുകയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യത 6.68 കോടി രൂപയാണ്. വിദ്യാഭ്യാസ അവകാശനിയമം, സര്‍വശിക്ഷാ അഭിയാന്‍, പഠനനിലവാരം മെച്ചപ്പെടുത്തല്‍ എന്നീ മൂന്നു പദ്ധതികളുടെ ഭാഗമായി കേന്ദ്രത്തില്‍നിന്ന് സഹായം ലഭിച്ചതോടെ ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞു. കേന്ദ്രസഹായം ലഭിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ബാധ്യത ആറുകോടി രൂപയായി കുറഞ്ഞു -അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ ഉണ്ടാക്കലല്ല, ഫലം കാണിച്ചുകൊടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അതിന് നല്ല നിര്‍ദേശങ്ങള്‍ ഏതുഭാഗത്ത് നിന്നുണ്ടായാലും സ്വീകരിക്കും. ഡല്‍ഹിയില്‍നിന്ന് പൂര്‍ണ സഹകരണം സര്‍ക്കാറിന് ലഭിക്കുന്നുണ്ട് -ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.