UDF

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു
കൊല്ലങ്കോട് (പാലക്കാട്): മുതലമടയില്‍ സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിക്കുന്ന 'സ്‌നേഹം ആയുര്‍വിജ്ഞാനം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് മെഡിക് എയ്ഡിന്റെ' (സായ്‌റാം) ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സഹായം അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നതും വിശക്കുന്ന വയറുകള്‍ക്ക് ഭക്ഷണം നല്‍കുന്നതുമുള്‍പ്പെടെയുള്ള സ്‌നേഹം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.

സര്‍ക്കാരില്‍നിന്ന് ഒരുപൈസപോലും വാങ്ങാതെ 'സായ്‌റാം' രാജ്യത്തെ മികച്ച ചികിത്സാകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച സ്‌നേഹം മെഡിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.എന്‍. ശേഷന്‍ പറഞ്ഞു. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വൈദ്യശാസ്ത്രശാഖകളെല്ലാം ചികിത്സയില്‍ ഉള്‍പ്പെടുത്തും. ഭാവിയില്‍ മെഡിക്കല്‍, ഡെന്റല്‍, നഴ്‌സിങ് കോളേജുകളുള്‍പ്പെടുന്ന വലിയൊരു പ്രസ്ഥാനമാണ് സ്വപ്നംകാണുന്നതെന്നും ശേഷന്‍ പറഞ്ഞു.

കയര്‍ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്. വിജയരാഘവന്‍ ആശംസനേര്‍ന്നു. തൃശ്ശൂര്‍ എലൈറ്റ് ഹോസ്​പിറ്റല്‍ മാനേജിങ്ഡയറക്ടര്‍ ഡോ.കെ.സി. പ്രകാശന്‍ സ്വാഗതവും ഡോ. ഭാരതി നന്ദിയും പറഞ്ഞു.

മുതലമട കാമ്പ്രത്ത്ചള്ള സ്‌നേഹം ആസ്​പത്രിയങ്കണത്തില്‍ നടന്ന ചടങ്ങിലേക്ക് ട്രസ്റ്റ് ചെയര്‍മാന്‍ പി. സുനില്‍ദാസിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചാനയിച്ചത്.