UDF

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മാരിടൈം സര്‍വകലാശാലക്ക് 60ഏക്കര്‍ നല്‍കും

കൊച്ചി: സംസ്ഥാനത്ത് മാരിടൈം സര്‍വകലാശാല സ്ഥാപിക്കാന്‍ 60 ഏക്കര്‍ സ്ഥലം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി മെയിന്‍ കാമ്പസ് അഡ്മിനിസ്‌ട്രേഷന്‍, അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന മാരിടൈം ബോര്‍ഡ് അടുത്തുതന്നെ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ഐ.ഐ.ടി അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അതിനാവശ്യമായ 500 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുത്ത് നല്‍കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ദിര ഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ റീജനല്‍ കാമ്പസ്, ജുഡീഷ്യല്‍ അക്കാദമി എന്നിവക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കൈമാറിയിട്ടുണ്ട്. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്.

1963ലെ കബോട്ടാഷ് നിയമം വല്ലാര്‍പാടം പദ്ധതിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. ഈ നിയമം ഭേദഗതി ചെയ്ത് വിദേശ കപ്പലുകളുടെ സാന്നിധ്യം വല്ലാര്‍പാടത്ത് ഉറപ്പാക്കി പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്.

ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം -കോട്ടപ്പുറം മേഖല 2012 ഡിസംബറോടെ പ്രവര്‍ത്തനയോഗ്യമാക്കും. തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കൊല്ലംവരെയും കോട്ടപ്പുറം മുതല്‍ നീലേശ്വരം വരെയുമുള്ള ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയ ജലപാതക്കായി കേരളത്തിനനുവദിച്ച 225 കോടി ഇതിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.