നിധിശേഖരം പൊതുസ്വത്തല്ല, ക്ഷേത്രത്തിന്റേത്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ രാഷ്‌ട്രത്തിന്റെ പൊതുസ്വത്താണെന്നും ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ മാതൃകയില്‍ സംവിധാനം ഉണ്ടാക്കണമെന്നുമുളള സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവനയോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അതു ക്ഷേത്രസ്വത്താണെന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പത്രലേഖകരോട് പറഞ്ഞു. ഒരു ഭാഗത്ത് പൊതുസ്വത്ത് നശിപ്പിക്കുന്നു. മറുഭാഗത്ത് ക്ഷേത്ര സ്വത്ത് പൊതുസ്വത്താണെന്ന് പറയുന്നു. ആര്‍ക്കും അഭിപ്രായം പറയാം. സുപ്രീംകോടതി പറയുന്നതായിരിക്കും അവസാനം നടപ്പാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുല്ലുമേടു ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ് ഹരിഹരന്‍നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉടന്‍തന്നെ നടപ്പാക്കേണ്ട പല നിര്‍ദേശങ്ങളും അതിലുണ്ട്.
ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം തിങ്കളാഴ്‌ച വിളിച്ചു കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തെ പദ്ധതികളുടെ കരടിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്‌തു. അവസാന ഘട്ടത്തില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്താനായി അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റിവച്ചു.