UDF

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

യെവന്‍ പുലി തന്നെ

മധ്യരേഖ

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം നൂറുദിനം പൂര്‍ത്തിയാക്കിയപ്പോള്‍ ചെയ്യാമെന്നു പറഞ്ഞതിലേറെ ചെയ്തുവെന്ന സംഗതി ശത്രുക്കളും സമ്മതിക്കും. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാന്‍ കാണുന്നത് മന്ത്രിസഭ തന്‍േറതാണ് എന്ന ധാരണ ഉറപ്പിക്കുന്നതോടൊപ്പം ഷിബുവിനെയും ഗണേശനെയും പോലും തനിക്ക് തുല്യരായി അംഗീകരിക്കുന്ന പാര്‍ലമെന്‍ററി സമ്പ്രദായത്തിലുള്ള വിശ്വാസത്തിന് അടിവരയിടാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞുവെന്നതാണ്.
കഴിഞ്ഞ ഇ.ജ.മു. മന്ത്രിസഭയുടെ പ്രധാനദോഷം വീയെസ് നല്ല മുഖ്യമന്ത്രിയായി വളര്‍ന്നില്ല എന്നതാണ്. ആദര്‍ശമാണ് വീയെസിനെ രാഷ്ട്രീയത്തില്‍ എത്തിച്ചതും പാര്‍ലമെന്‍ററി വ്യാമോഹത്തിന് അടിമപ്പെട്ട കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കപ്പുറം രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയതും. മറ്റൊരുതരത്തില്‍ കാലനിര്‍ണയം നടത്തിയാല്‍ ഗൗരിയമ്മയുടെ സാന്നിധ്യം ചമച്ച വന്‍മതില്‍ ഒഴിവാകുകയും മുഖ്യമന്ത്രിസ്ഥാനം എത്തിപ്പിടിക്കാമെന്ന് തോന്നിത്തുടങ്ങുകയും ചെയ്തിടത്താണ് വീയെസിന്‍െറ ആദര്‍ശധീരതക്ക് ഭീഷണി തുടങ്ങിയത്. കക്ഷത്തിലിരിക്കുന്നതുംവേണം ഉത്തരത്തിലിരിക്കുന്നതും വേണം എന്ന ചിന്തകൂടെ ആയപ്പോള്‍ വീയെസ് വിഭാഗീയതയുടെ പ്രധാനാചാര്യനായി. അതുകൊണ്ടാണ് വീയെസിന് നല്ല മുഖ്യമന്ത്രി എന്ന് തെളിയിക്കാനാവാതെ പോയത്.
ഈയെമ്മെസ് മുതല്‍ കേരളം കണ്ട എല്ലാ മുഖ്യമന്ത്രിമാരും ഒന്നല്ളെങ്കില്‍ മറ്റൊരുതരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. വീയെസാകട്ടെ മുഖ്യമന്ത്രിമാരുടെ നിരയില്‍ ശേഷം മുഖ്യമന്ത്രിമാര്‍ക്ക് കണ്ണ് കിട്ടാതിരിക്കാനുള്ള കോലം പോലെയാണ് ചരിത്രത്തില്‍ അവശേഷിക്കുക. ക്ഷുഭിതയൗവനവും ആദര്‍ശധീരതയും നഷ്ടപ്പെട്ടതോടെ വീയെസിന്‍െറ അപചയത്തിന് പരസഹായം ആവശ്യമില്ലാതായി.
വീയെസിന്‍െറ ഈ പരാജയം മാധ്യമങ്ങളും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും മൂടിവെച്ചു. അതുവെറുതെയല്ല. ഗോര്‍ബച്ചേവിന് ശേഷമുള്ള നവീകരിക്കപ്പെട്ട കമ്യൂണിസത്തിന് കോണ്‍ഗ്രസുകാര്‍ പാലിച്ചില്ളെങ്കിലും പാടിപ്പുകഴ്ത്തിയ ഇടതുപക്ഷ -സോഷ്യലിസ്റ്റ് ചിന്താഗതികളോട് ഏറെ സാദൃശ്യം ഉണ്ട്. പിണറായിയും ഐസക്കും മറ്റും കേരളത്തില്‍ അതിന്‍െറ വക്താക്കളാകുമ്പോള്‍ കോണ്‍ഗ്രസിലെത്തേണ്ട കുറേപേര്‍ സീപീയെം പാളയത്തില്‍ എത്താനിടയുണ്ട്. അതിന് തടയിടാനുള്ള ഒരു മാര്‍ഗം അവരുടെ പ്രതിച്ഛായ മോശമാക്കുകയാണ്. അതിന് വീയെസിനെ ‘മലയാള മനോരമ’യും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും ഉപകരണമാക്കി. കളിച്ചുകളിച്ച് കളത്തിന് പുറത്താവും എന്ന ഭീതി ജനിച്ചപ്പോള്‍ മാത്രമാണ് അവര്‍ കാല് മാറ്റി ചവിട്ടിയത്. അരുണാഭമായ അനാശാസ്യതകളെക്കുറിച്ചുള്ള കഥകള്‍ അതിനൊക്കെ എത്രയോ മുമ്പ് അന്തരീക്ഷത്തെ മലീമസമാക്കിയിരുന്നതാണ്. വളര്‍ത്തിയെടുത്തത് ഫ്രാങ്കന്‍സ്റ്റീനെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടോ തെരഞ്ഞെടുപ്പ് വന്ന് വാതില്‍ക്കല്‍ മുട്ടിയിട്ടോ ആവണം വീയെസിനെതിരെയും ആവാം ആരോപണം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്.
ഏതായാലും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍െറ കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹത്തിനുതന്നെ ആത്മഹത്യാപരമായി ചരിത്രത്തിന്‍െറ പരിപ്രേക്ഷ്യത്തില്‍. ഒരു മുഖ്യമന്ത്രിയും കുറേ കുഞ്ഞിക്കൂനന്മാരും എന്ന മട്ടിലായിരുന്നു ഒന്നാം വാര്‍ഷികം. പിന്നെപ്പിന്നെ ഒരു ഹരിശ്ചന്ദ്രനും കുറെ കാട്ടുകള്ളന്മാരും എന്നായി. ഉമ്മന്‍ചാണ്ടിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നതിന് വീയെസിന്‍െറ ശൈലി ഉപകരിച്ചു എന്നര്‍ഥം.
ഏത് ഉദ്യോഗത്തിലും മുന്‍ഗാമിയെയും പിന്‍ഗാമിയെയും കൂടെ ആശ്രയിച്ചാണ് ഇടക്കുള്ളയാള്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് വീയെസിന് പിറകെ വന്ന ഉമ്മന്‍ ചാണ്ടി ധാര്‍ഷ്ട്യമില്ലാത്ത, താന്‍മാത്രം നേരസ്ഥന്‍ എന്ന് തുടങ്ങിയ നാട്യങ്ങളില്ലാത്ത, സഹപ്രവര്‍ത്തകരെ ബഹുമാനപൂര്‍വം ഒപ്പം നിര്‍ത്തുന്ന, മുന്നണിയിലും പാര്‍ട്ടിയിലും സര്‍ക്കാറിലും ഒരുപോലെ സ്വീകാര്യനായ ജനപ്രിയനായകനായി വാഴ്ത്തപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍െറ മുന്‍ഗാമിയോടുള്ള കടപ്പാട് മറന്നുകൂടാ. അച്യുതമേനോന്‍െറ പിറകെ വന്ന കരുണാകരനോ ആന്‍റണിയുടെ പിറകെ സ്ഥാനമേറ്റ ഉമ്മന്‍ചാണ്ടിക്ക് തന്നെയോ കിട്ടാതിരുന്ന സൗഭാഗ്യമാണ് ഇത് എന്ന് തിരിച്ചറിയാനുള്ള വിനയവും വിവേകവും ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരിക്കണം എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
എന്നുവെച്ച് ഉ.ചാ. മോശക്കാരനൊന്നുമല്ല എന്നതിന് ചെങ്കല്‍ചൂളയാണ് സാക്ഷി. ആന്‍റണി മന്ത്രിസഭയില്‍ പയ്യനായ ഭവനനിര്‍മാണ മന്ത്രിയായിരുന്ന കാലത്ത് ഹജൂരില്‍നിന്ന് ‘യൂത്ത’ന്മാരുടെ തോളില്‍ കൈയിട്ട് ഗവണ്‍മെന്‍റ് പ്രസിന്‍െറ മുന്നിലെ മുറുക്കാന്‍കടയില്‍ നിന്ന് തിരോന്തരത്തിന്‍െറ പാനീയമായ ബോഞ്ചിയും കുടിച്ച് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് മറഞ്ഞിരുന്നയാള്‍ ഒരുവര്‍ഷം കൊണ്ട് ചേരിനിര്‍മാര്‍ജന യജ്ഞത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കി. പട്ടം താണുപിള്ളയും പീയെസ് നടരാജപിള്ളയും സ്വപ്നം കണ്ട പദ്ധതി ആയിരുന്നു ആ പയ്യന്‍സ് വിജയകരമായി നടപ്പിലാക്കിയത്. ചുരുങ്ങിയകാലം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴും 1991 ല്‍ ധനമന്ത്രി ആയിരുന്നപ്പോഴും (പാമോയില്‍ പറയണ്ട. അത് ഒരു മണ്ടന്‍ കേസാണ്. ആദ്യം ഹനീഫാ ജഡ്ജി പറയട്ടെ. ബാക്കി പിന്നെ പറയാം. ഇപ്പോള്‍ സബ്ജൂഡിസല്ളേ!) ഒന്നരക്കൊല്ലം മുഖ്യമന്ത്രി ആയിരുന്നപ്പോഴും തെളിയിച്ച കാര്യക്ഷമത തന്നെയാണ് ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി തെളിയിക്കുന്നത്.
കാര്യക്ഷമത മാത്രമല്ല. ഒബാമക്കുവരെ കാണാവുന്ന കാമറ വെച്ചത് എന്നെ സ്വാധീനിക്കുന്നില്ല; പുതുപ്പള്ളിക്കാര്‍ക്ക് വേണ്ടി പണ്ട് കുഞ്ഞൂഞ്ഞ് ക്ളിന്‍റന് എഴുത്ത് എഴുതിയിട്ട് ഗുണമുണ്ടാകാഞ്ഞത് പോലെതന്നെ ഒരഭ്യാസം!. എന്നാല്‍, അതില്‍ ഒരു സന്ദേശം സന്നിവേശിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. സുതാര്യതയുടെ സുവിശേഷം ലോകമെങ്ങും -വിശേഷിച്ച് ഭാരതത്തില്‍ -സര്‍വ പ്രധാനമായി പ്രഘോഷിക്കപ്പെടുന്ന ഈ നാളുകളില്‍ ആ കാമറയുടെ തുറന്ന കണ്ണുകള്‍ ഒരു പ്രതീകമാണ്.
സുതാര്യത മാത്രവുമല്ല. ഉമ്മന്‍ചാണ്ടിയുടെ സുതാര്യ കേരളം പരിപാടി തന്‍െറ മുന്‍ഗാമി നടത്തിവന്ന വഴിപാടിനെക്കാള്‍ എത്രയോ മേലെയാണ് ഇപ്പോള്‍. അതിന്‍െറ അണിയറശില്‍പികളില്‍നിന്നുതന്നെ അറിയുന്നത്, ആ പരിപാടിയുടെ വിജയരഹസ്യം മുഖ്യമന്ത്രി അതിന് കല്‍പിക്കുന്ന പ്രാധാന്യവും അത് മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിതന്നെ സ്വയം ആലോചിച്ച് നല്‍കുന്ന ബുദ്ധിപൂര്‍വമായ നിര്‍ദേശങ്ങളുമാണ് എന്നത്രെ. പീയാര്‍ഡിയും സീഡിറ്റും എല്ലാം അവര്‍ ചെയ്യേണ്ടത് ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍, അവരുടെ പ്രചോദനം ഉമ്മന്‍ചാണ്ടിക്ക് ഈ പരിപാടിയോടുള്ള പ്രതിബദ്ധതയാണ്. പ്രതിബദ്ധതയാകട്ടെ ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ വീക്ഷണത്തിന്‍െറ പ്രതിഫലനമാണുതാനും. കളിയിക്കാവിള മുതല്‍ ബേദടുക്കയും ബന്തടുക്കയും വരെ ഏത് പഞ്ചായത്തിലെയും ഏത് വാര്‍ഡിലും രണ്ടുപേരെയെങ്കിലും പേര് ചൊല്ലി വിളിക്കാന്‍ കഴിഞ്ഞിരുന്നു സ്മരണീയനായ ലീഡര്‍ കരുണാകരന്. ആ കാര്യത്തില്‍ കരുണാകരന് പിന്‍ഗാമിയാണ് ഉ.ചാ. അതുകൊണ്ടാണ് അദ്ദേഹത്തെ ജനകീയനായി ജനം വാഴ്ത്തുന്നതും.
നേതൃത്വശൈലിയില്‍ അച്യുതമേനോനാണ് ഒരു വലിയ അളവില്‍ ഉമ്മന്‍ചാണ്ടിയുടെ മാതൃക എന്ന് തോന്നുന്നു. വെള്ള ഈച്ചരനും എന്‍.കെ. ബാലകൃഷ്ണനും ടി.വി. തോമസും എമ്മെന്‍ ഗോവിന്ദന്‍നായരും കരുണാകരനും ദിവാകരനും ബേബിജോണും ഒക്കെ ഉള്‍പ്പെട്ടതായിരുന്നല്ളോ ആ മന്ത്രിസഭ. അവരില്‍ ഏറ്റവും കഴിവു കുറഞ്ഞവരില്‍ നിന്നുപോലും ശ്രദ്ധേയമായ സംഭാവനകള്‍ പ്രചോദിപ്പിക്കാന്‍ അച്യുതമേനോന് കഴിഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഏതെങ്കിലും ഒരു ആശുപത്രി -അലോപ്പതി, ആയുര്‍വേദം, ഹോമിയോ -ഉണ്ടാകണം എന്ന യജ്ഞം എന്‍.കെ. ബാലകൃഷ്ണന്‍ എന്ന ഏറെയാരും ശ്രദ്ധിക്കാതിരുന്ന ആരോഗ്യമന്ത്രിയുടെ നേട്ടമായിരുന്നു. കണ്ടിടത്തോളം കേരളത്തിന്‍െറ പ്രിയപുത്രി ജയലക്ഷ്മിയെ ഭാവിയിലെ കെ.ആര്‍. ഗൗരി ആക്കുന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ പോക്ക്. ആര്യാടനും കുഞ്ഞാലിക്കുട്ടിയും മാണിയും പോലെ മുഖ്യമന്ത്രിയാവാന്‍ പോന്നവരെയും ഇരിക്കൂര്‍ ഗാന്ധി ജോസഫിനെയും തിരുവഞ്ചൂരിനെയും പോലെ ഉറ്റ സുഹൃത്തുക്കളായവരെയും ജേക്കബ് തുടങ്ങിയ ഒറ്റയാന്മാരെയും അവരവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അപഗ്രഥിച്ച് തിരിച്ചറിഞ്ഞ് ജനാധിപത്യത്തിന് യോജിച്ചമട്ടില്‍ ഒപ്പം കൊണ്ടുനടക്കാന്‍ കഴിയുന്നിടത്താണ് ഉ.ചാ., അച്യുതമേനോനോളം വളരുന്നത്.
ഉണ്ണിയെ കണ്ടിട്ട് ഊര് നന്നാവും എന്ന് തോന്നുന്നു. നന്മ വരട്ടേ.