കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പീഡനത്തിനിരയായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറായിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവത്തോടെ പരിഗണിച്ച് വേഗത്തില്‍ നടപടികളുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. നമ്മുടെ സാസ്‌കാരിക പാരമ്പര്യത്തിന് നേര്‍ക്കുള്ള ചോദ്യ ചിഹ്നമാണിത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ന്നേ മതിയാകൂ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും ഉണ്ടാകും. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെയുള്ള കര്‍ശന നിയമ നടപടികള്‍ ഇതിന്റെ ഭാഗമാണ്-മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്മീഷന്‍ റിപ്പോര്‍ട്ട് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് നടപ്പാക്കണമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്ഷേമം ഉറപ്പാക്കാനായാല്‍ മാത്രമേ മാതൃകാസംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ കേരളത്തിന് കഴിയൂവെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എം.എല്‍.എ, മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍, കല്‍പ്പന ജോസഫ്, ബീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2011, സെപ്റ്റംബർ 25, ഞായറാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
,
oommen chandy
» സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം തടയാന്‍ കര്‍ശന നടപടി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം തടയാന്‍ കര്‍ശന നടപടി
