UDF

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മാണത്തിന് അനുമതി

കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മാണത്തിന് അനുമതി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണം തുടങ്ങാന്‍ അനുമതിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'മാതൃഭൂമി'യോട് പറഞ്ഞു. 22, 23 തീയതികളില്‍ ഡല്‍ഹിയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇതില്‍ അന്തിമ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചാല്‍ ഉടന്‍ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറെക്കാലമായി കാത്തിരുന്ന പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകുന്ന സംഭവ വികാസങ്ങളാണ് വ്യാഴാഴ്ച ഉണ്ടായത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയതോടെ, മെട്രോ റെയില്‍ കൊച്ചിയുടെ ട്രാക്കില്‍ എത്തുമെന്ന് ഉറപ്പായി. ഏറെക്കാലമായി പദ്ധതിക്ക് ഉടക്ക് വച്ചിരുന്ന ആസൂത്രണ കമ്മീഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞതാണ് വഴിത്തിരിവായത്.

ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയാണ് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള പഠനത്തിന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന സാമ്പത്തിക പഠന വിഭാഗത്തിന് വിട്ടിരിക്കുകയാണ്. ഏത് മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കേണ്ടതെന്ന് സാമ്പത്തിക പഠന വിഭാഗമായിരിക്കും തീരുമാനിക്കുക.

ചെന്നൈ മെട്രോ റെയില്‍ മാതൃകയില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടുമാസം മുമ്പ് പദ്ധതിക്ക് ചലനം വച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് അന്തിമ അനുമതി ചോദിക്കുന്നതിനു മുമ്പ് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. ഇതിനുള്ള നടപടികള്‍ ധൃതഗതിയില്‍ നടക്കുന്ന കൊച്ചി മെട്രോ-റെയില്‍ എം.ഡി. ടോം ജോസിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ നടക്കുന്നു.