UDF

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ മുഖമുദ്ര സുതാര്യതസര്‍ക്കാരിന്റെ മുഖമുദ്ര സുതാര്യത

തിരുവനന്തപുരം: സുതാര്യതയാണു യു.ഡി.എഫ്‌. സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കര്‍മനിരതമാകാന്‍ വെറും നൂറുദിവസം മാത്രം മതിയെന്നു കാട്ടിക്കൊടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച 107 പരിപാടികളില്‍ 101 എണ്ണം നടപ്പാക്കാനോ തുടങ്ങിവയ്‌ക്കാനോ കഴിഞ്ഞു. കേരളത്തിന്റെ വികസനത്തിനായി അടുത്ത 20 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിയായ 'വിഷന്‍- 2030' നു തുടക്കമായെന്നും അദ്ദേഹം പറഞ്ഞു. വിവിധവകുപ്പുകളില്‍ നടപ്പാക്കിയ നൂറുദിന കര്‍മപരിപാടികളുടെ പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൂട്ടുത്തരവാദിത്തമാണ്‌ ഈ സര്‍ക്കാരിന്റെ വിജയത്തിന്റെ പിന്നിലുള്ളത്‌. വിവാദങ്ങളല്ല, മറിച്ച്‌ പ്രവര്‍ത്തനഫലമാണു സര്‍ക്കാരിന്റെ ലക്ഷ്യം. മന്ത്രിമാരും ഉദ്യോഗസ്‌ഥരും ജനങ്ങളും പ്രതിപക്ഷവും വരെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കു പങ്കാളികളാണ്‌. വിഷന്‍- 2030 പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഐഡിയബാങ്കില്‍ ഇതുവരെ 1065 വികസന നിര്‍ദേശങ്ങള്‍ ലഭിച്ചു. വിശദമായ ചര്‍ച്ചകള്‍ തുടര്‍ദിവസങ്ങളില്‍ നടത്തും. ഇച്‌ഛാശക്‌തിയുണ്ടെങ്കില്‍ വികസനം ഫലപ്രദമായി നടപ്പാക്കാം. അതിന്റെ ഭാഗമായി വിദേശങ്ങളില്‍ ജോലി തേടിപ്പോയവരെ അത്യാവശ്യമാണെങ്കില്‍ തിരിച്ചുവിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ നേട്ടങ്ങള്‍ വിശദമാക്കുന്ന പുസ്‌തകത്തിന്റെ പ്രകാശനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കെ.സി. ജോസഫിനു നല്‍കി നിര്‍വഹിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ. ബാബു, വി.എസ്‌. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, ഷിബു ബേബിജോണ്‍, ചീഫ്‌ സെക്രട്ടറി പി. പ്രഭാകരന്‍, ആസൂത്രണബോര്‍ഡ്‌ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, എം.എല്‍.എമാര്‍, വിവിധ വകുപ്പു സെക്രട്ടറിമാര്‍ എന്നിവരും മുഖ്യമന്ത്രിയുടെ പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ അവതരണത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ ലോകത്തിനു മുന്നില്‍ സുതാര്യമായതാണു സര്‍ക്കാര്‍ നടപ്പാക്കിയ പ്രഥമപരിപാടി. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനു രണ്ടു മാസത്തിനുള്ളില്‍ 5.69 ലക്ഷം സന്ദര്‍ശകരുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ രാജ്യത്തിനു തന്നെ മാതൃകയായി. മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും സ്വത്തുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതും മാതൃകയായി.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയും ഫീസും ഓണ്‍ലൈനായി സ്വീകരിക്കുന്ന പ്രശ്‌നവും മന്ത്രിസഭായോഗം പരിഗണിച്ചു. വന്‍കിട പദ്ധതികള്‍ സുതാര്യതയോടെ നടപ്പാക്കാന്‍ 250 കോടിയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള പദ്ധതികളുടെ സാമൂഹിക സാമ്പത്തിക പരിശോധന നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ഇ-ഗവര്‍ണന്‍സ്‌ പദ്ധതിയിലെ ശിപാര്‍ശകളുടെ അടിസ്‌ഥാനത്തില്‍ വകുപ്പുതല കോ ഓര്‍ഡിനേഷനും ഇ-ഗവേര്‍ണന്‍സ്‌ പദ്ധതികള്‍ സംയോജിപ്പിക്കലും കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ നടപ്പാക്കി. ബാക്കിയിടങ്ങളില്‍ നടപ്പാക്കും.

അഴിമതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവരുടെ രഹസ്യസ്വഭാവം നിലനിര്‍ത്തി അവരെ സംരക്ഷിക്കാന്‍ ചീഫ്‌ വിജിലന്‍സ്‌ കമ്മിഷന്റെ മാതൃകയില്‍ നടപ്പാക്കാന്‍ നാലംഗ സമിതി രൂപീകരിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്ന സര്‍ക്കാര്‍ ജീവനക്കാരെ സംരക്ഷിക്കും. തദ്ദേശസ്‌ഥാപനങ്ങളിലെ കുറുമാറ്റ നിയമം കര്‍ക്കശമാക്കാന്‍ ഓര്‍ഡിനന്‍സ്‌ നടപ്പാക്കി. കൂറുമാറ്റം തടയാന്‍ പാര്‍ലമെന്റിലും നിയമസഭയിലുമുള്ള അതേ വ്യവസ്‌ഥകളാണ്‌ തദ്ദേശസ്‌ഥാപനങ്ങളിലും കൊണ്ടുവരുന്നത്‌. സേവനാവകാശ നിയമത്തിന്റെ കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. എല്ലാ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും വകുപ്പുകളിലും പൗരാവകാശ രേഖ നിര്‍ബന്ധമാക്കി. ലോട്ടറിക്കേസ്‌ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.

തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും വൈദ്യൂതി തകരാറിനും റോഡു സംബന്ധിച്ച പരാതികള്‍ക്കും ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തി. വൈദ്യുതി ബോര്‍ഡില്‍ ഇ- പേമെന്റ്‌ സംവിധാനം നിലവില്‍ വന്നു. മൂലമ്പള്ളി, ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കി. വയനാട്ടിലെ ആദിവാസികളുടെ വികസനത്തിന്‌ 1532 കോടി രൂപയുടെ ജാപ്പനീസ്‌ സഹായത്തിനു കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. തൊഴില്‍ വകുപ്പിനു കീഴിലുള്ള എല്ലാ ക്ഷേമനിധി അംഗങ്ങളുടേയും കയര്‍ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു.

തദ്ദേശ സ്‌ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജോലി രാജിവച്ച അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പുനര്‍നിയമനം നല്‍കും. ഭാവിയില്‍ തദ്ദേശ സ്‌ഥാപനങ്ങളിലേക്കു മത്സരിക്കാന്‍ അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ജോലി രാജിവയ്‌ക്കേണ്ടതില്ല. കാപ്പി കര്‍ഷകരുടെ സഹായത്തിനു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കാപ്പി കടാശ്വാസ പാക്കേജ്‌ വയനാടു ജില്ലയില്‍ നടപ്പാക്കും.