പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സരപദ്ധതി പരിഗണിക്കും

തിരുവനന്തപുരം: പദ്ധതിവിഹിതം വര്‍ഷംതോറും ചെലവഴിക്കുന്നതിന്റെ സങ്കീര്‍ണത ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സരപദ്ധതി നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചായത്ത് വകുപ്പിലെ പൗരാവകാശ രേഖയുടെയും പൊതുമൊബൈല്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഷികപദ്ധതി വിഹിതം ചെലവഴിക്കുന്നത് പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാണ്. വര്‍ഷത്തിലെ ആദ്യത്തെ ആറുമാസം തുകമാറിക്കിട്ടാനുള്ള നടപടിക്രമങ്ങള്‍ക്കായി ചെലവഴിക്കണം. ചുവപ്പുനാട അഴിയ്ക്കാനുളള പാടാണ് പിന്നീട്. തുക പാസ്സാകുമ്പോഴേയ്ക്കും വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും പിന്നിടും. പഞ്ചായത്തുകളുടെ വികസന പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കുന്ന പ്രശ്‌നമാണിത്. ഇതൊഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കണം. പഞ്ചായത്തുകളുടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ടിന് കുറവുണ്ടെന്ന് സര്‍ക്കാരിന് അറിയാം. സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാക്കുന്നതിന് അനാവശ്യ നടപടിക്രമങ്ങളുണ്ടെന്നും മനസിലാക്കുന്നു. ഈ രണ്ടുപ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. വിവിധ കേന്ദ്രപദ്ധതികളുടെ ഫണ്ട് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമോയെന്നകാര്യവും സര്‍ക്കാര്‍ ആലോചിക്കും -മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ ഹൃദയമായ ഗ്രാമസഭകള്‍ കാര്യക്ഷമതയോടെ നടപ്പിലാക്കാന്‍ ഭരണ സമിതി ശ്രമിക്കണം. രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ നിരാലംബര്‍ക്കായി നടപ്പിലാക്കുന്ന ആശ്രയ പദ്ധതി തുടങ്ങാന്‍ ചില പഞ്ചായത്തുകള്‍ മടികാണിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരും നോക്കാനില്ലാത്ത രണ്ടുശതമാനം ആള്‍ക്കാര്‍ സമൂഹത്തിലുണ്ട്. ഇവര്‍ക്കായാണ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ മുഖേന ആശ്രയപദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ 124 പഞ്ചായത്തുകള്‍ ഇനിയും ഈ പദ്ധതിയോട് താല്‍പ്പര്യം കാണിച്ചിട്ടില്ല. എന്തുകൊണ്ട് ആശ്രയ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ആ പഞ്ചായത്തുകള്‍ സര്‍ക്കാരിനെ അറിയിക്കണം. ആശ്രയ നടപ്പിലാക്കാത്ത പഞ്ചായത്തുകള്‍ക്ക് മറ്റ് സഹായങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചായത്ത് വകുപ്പിലെ പൗരാവകാശരേഖയുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പൊതുമൊബൈല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സിംകാര്‍ഡ് വിതരണം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് രമാകുമാരിയെ ഫോണ്‍ ചെയ്തുകൊണ്ട് മുഖ്യമന്ത്രി പൊതുമൊബൈല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷനായിരുന്നു.