UDF

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

അധികനികുതി ഉപേക്ഷിച്ചു; പെട്രോളിന് 70 പൈസ കുറയും

കോഴിക്കോട്: പെട്രോള്‍ വിലവര്‍ധന വഴി ലഭിക്കുന്ന അധികനികുതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് എഴുപത് പൈസ കുറയും.

ഈ തീരുമാനം വഴി 108 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നു വെക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്. ധനമന്ത്രിയുമായി നേരിട്ട് സംസാരിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു മാസം മുന്‍പ് അധികാരമേറ്റപ്പോള്‍ യു. ഡി.എഫ്. സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ നടപടിയും അന്നത്തെ പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്നുണ്ടായ അധികനികുതി വേണ്ടെന്നുവെക്കുകയായിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്ന് 122 കോടി രൂപയാണ് വേണ്ടെന്നുവെച്ചത്. വര്‍ധിപ്പിച്ച ഡീസല്‍ നികുതിയിനത്തില്‍ 156 കോടി രൂപയും വേണ്ടെന്നുവെച്ചു.

ഇപ്പോഴത്തെ പെട്രോള്‍ വിലവര്‍ധനയെക്കുറിച്ച് പറയാന്‍ എല്‍.ഡി.എഫിന് ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍.ഡി. എഫ്. ഭരിക്കുന്ന കാലത്ത് പതിനാറ് തവണ ഇന്ധനവില വര്‍ധിപ്പിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അതുവഴി ലഭിച്ച അധികനികുതി വേണ്ടെന്നുവെച്ചത്. 15 തവണയും അധികനികുതി വാങ്ങി ഖജനാവിന് മുതല്‍ക്കൂട്ടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ എല്‍ . ഡി. എഫിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനേ സഹായിക്കൂ. സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഇന്ധനവിലവര്‍ധനയോട് തനിക്ക് ഒരു തരത്തിലും യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് അവരുടേതായ ന്യായീകരണങ്ങളുണ്ടാവാം. സംസ്ഥാനങ്ങള്‍ക്ക് അവരുടെ അധിക നികുതി വരുമാനം വേണ്ടെന്നു വെക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. യു. ഡി.എഫ്. സര്‍ക്കാര്‍ പരമാവധി ചെയ്തു. ഇനിയെന്തെങ്കിലും ചെയ്യണമെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതും പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിന്റെ അധിക നികുതി ഉപേക്ഷിച്ചത് ശനിയാഴ്ച അര്‍ധരാത്രിതന്നെ നിലവില്‍ വന്നു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 69.26 രൂപയായിരുന്നത് 68.56 രൂപയായി. പെട്രോളിന് 25.42 ശതമാനമാണ് പുതിയ വില്പന നികുതി നിരക്ക്. യു.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയാണ് അധികനികുതി ഉപേക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.