UDF

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മാലിന്യവിമുക്ത കേരളം കര്‍മപദ്ധതിയായി; പനി നിയന്ത്രണ വിധേയം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യവിമുക്ത കേരളം പദ്ധതിയുടെ കരട് രൂപത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. പനി പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശുചീകരണ പരിപാടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിന്റെ കരട് രൂപത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഇത് എല്ലാ എം.എല്‍.എ.മാര്‍ക്കും വിതരണം ചെയ്യും. വൈകീട്ട് സര്‍വകക്ഷിയോഗത്തില്‍ കരട് അവതരിപ്പിക്കും. സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമായിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ആസ്​പത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന പനി നിയന്ത്രണ മാര്‍ഗങ്ങളില്‍ കേന്ദ്ര മെഡിക്കല്‍ സംഘവും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.