UDF

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ജൈവകൃഷിയിലൂടെ കേരളത്തെ വിഷമുക്തമാക്കണം

തിരുവനന്തപുരം: ജൈവകൃഷിയിലൂടെ സംസ്ഥാനത്തെ വിഷവിമുക്തമാക്കണമെന്നും 'ജനശ്രീ'യ്ക്ക് അതില്‍ മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമ്പൂര്‍ണ ജൈവസംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള 'ജനശ്രീ'യുടെ ശ്രമത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനശ്രീയുടെ നേതൃത്വത്തില്‍ നടന്ന 'ജൈവശ്രീ' ഉത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടുത്തവര്‍ഷം മുതല്‍ ജൈവ കര്‍ഷക വനിതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനമായി. ഇന്ത്യയിലെതന്നെ നിലവിലുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന അവാര്‍ഡ് തുകയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ 'ജൂസ്' സാഗര സര്‍വീസുമായി ചേര്‍ന്നാണ് 'ജനശ്രീ' അവാര്‍ഡ് നല്‍കുക. 1,11,111 രൂപയാണ് അവാര്‍ഡ് തുക.

ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപന്‍, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി, 'ജൂസ്' ചെയര്‍മാന്‍ കൊല്ലം പണിക്കര്‍, ജനശ്രീ ജില്ലാ അധ്യക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.