UDF

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പെന്‍ഷന്‍ പ്രായം: തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തൊഴിലിന് കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ ആശങ്കകള്‍ കൂടി കണക്കിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. വര്‍ഷം 25,000 പേര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനാവുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം നഷ്ടമാകുമെന്നാണ് ആശങ്കയുള്ളത്. ഇതുകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ.

സഭാസമ്മേളനം കഴിഞ്ഞാലുടന്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും. അതിന് പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷത്തെ കര്‍മ പരിപാടി സര്‍ക്കാര്‍ അവതരിപ്പിക്കും. സേവനാവകാശ നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും അത് നിയമമാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികാരമായാണ് എമര്‍ജിങ് കേരള എന്ന വ്യവസായ സംഗമം നടത്തുന്നത്. അത് കേരളത്തിന്റെ വികാരമായി കാണണം. പി.എം.എസ്.ജി.വൈ. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകളുടെ വീതി ആറു മീറ്ററായി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍ മന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളാണ് പ്രധാന മന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കരകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ റോഡ് നിര്‍മിക്കാമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 120 യൂണിറ്റുവരെയുള്ളവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് 200 യൂണിറ്റ് വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.