UDF

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം ചേരില്ലെന്നു മുഖ്യമന്ത്രി

കൊച്ചി/കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്കു സ്വീകാര്യമായ രീതിയില്‍ പ്രശ്‌നപരിഹാരത്തിനാണു ശ്രമം. ആവശ്യമെങ്കില്‍ ഇരുവിഭാഗവുമായും സര്‍ക്കാര്‍ നേരിട്ടു ചര്‍ച്ച നടത്തും.

പുതിയ നിര്‍ദേശങ്ങള്‍ പലതുമുണ്ടെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരുമായി ചര്‍ച്ചയ്‌ക്കുശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌, ഐ.ജി: ആര്‍. ശ്രീലേഖ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇരുവിഭാഗത്തിനും തുല്യനീതി ഉറപ്പാക്കും. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങള്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളെ അറിയിച്ചു മറുപടി വാങ്ങാന്‍ കലക്‌ടറെ ചുമതലപ്പെടുത്തി. സഭാതര്‍ക്കത്തില്‍ സര്‍ക്കാരിനു വ്യക്‌തമായ നിലപാടും കാഴ്‌ചപ്പാടുമുണ്ട്‌.

സമരം നിര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ല. അങ്ങനെ വന്നാല്‍ പ്രശ്‌നം ഗുരുതരമാകാനാണു സാധ്യത. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആ നിലയ്‌ക്കാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം തന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിനെ കാണുന്നതെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്തു പറഞ്ഞു.

എറണാകുളത്ത്‌ മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടിയുള്ളതിനാലാണു പ്രതിഷേധക്കാര്‍ വീട്ടിലേക്കു വരുന്നതിനുമുമ്പു പോകേണ്ടിവന്നത്‌. പകരം പരാതി സ്വീകരിക്കാന്‍ തന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.