UDF

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഗുരുദേവചിന്ത മതസൗഹാര്‍ദത്തിന് ശക്തിപകരുന്നു

ഗുരുദേവചിന്ത മതസൗഹാര്‍ദത്തിന് ശക്തിപകരുന്നു

തിരുവനന്തപുരം: മറ്റ് വിശ്വാസങ്ങളെ നിന്ദിക്കാതെ മാനിക്കുന്ന വലിയ സന്ദേശമായ ഗുരുചിന്ത സമുദായ സൗഹാര്‍ദത്തിനും പരസ്​പര വിശ്വാസത്തിനും ശക്തി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന 157-ാമത് ശ്രീനാരായണഗുരു ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മതസൗഹാര്‍ദരംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ചതിന് പിന്നില്‍ ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ചിന്തകളുമാണ്. ഗുരുദേവ സന്ദേശത്തിന്റെ മഹത്വം വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ യത്‌നിക്കുകയെന്നതാണ് ഗുരദേവന് നല്‍കാനാവുന്ന സ്മരണാഞ്ജലിയെന്ന് അദ്ദേഹം പറഞ്ഞു.

ചെമ്പഴന്തിയിലെ ശ്രീനാരായണ പഠനകേന്ദ്രം വിഭാവന ചെയ്ത രീതിയില്‍ നടത്താന്‍ ആവശ്യമായ ഫണ്ടും മറ്റ് സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. ഗുരുകുലം വികസിപ്പിക്കുന്നതിനായി അവിടെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ട്. അതിന് സ്ഥലം കണ്ടെത്തി നല്‍കിയാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്‌കൂള്‍ മാറ്റി സ്ഥാപിച്ച് സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം ഗുരുകുലത്തിന് വിട്ടുനല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയല്‍വാരം വീട് സന്ദര്‍ശിച്ചു.

സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു.