UDF

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

മാരിടൈം സര്‍വകലാശാലയ്ക്കായി 60 ഏക്കര്‍ നല്‍കും

കൊച്ചി: ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ സംസ്ഥാനത്തെ കാമ്പസ് സര്‍വകലാശാലയായി ഉയര്‍ത്തുന്നതിന് കൊച്ചിയില്‍ 60 ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ കൊച്ചി മുഖ്യ കാമ്പസിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ഐഐടി ക്കായി കേന്ദ്രം അനുമതി നല്‍കിയാല്‍ 500 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കുമെന്നും ആധുനിക കോഴ്‌സുകളുടെ അഭാവം മൂലം പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളത്തെ സംബന്ധിച്ച് ജലഗതാഗതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ജലഗതാഗത ചരക്കു നീക്കത്തിനുള്ള സാഹചര്യമൊരുക്കുന്നതിനായി അടുത്ത വര്‍ഷം ഡിസംബറിന് മുമ്പായി കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കബോട്ടാഷ് നിയമം സംബന്ധിച്ച് ഭേദഗതികള്‍ വരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും ഇതിലൂടെ വല്ലാര്‍പാടത്തുള്‍പ്പെടെ കൂടുതല്‍ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണ നടപടികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞത് സംസ്ഥാനത്തിന് ഏറെ നേട്ടമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്ന് ചടങ്ങില്‍ മാരിടൈം മാനേജ്‌മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസ് പറഞ്ഞു.

നോട്ടിക്കല്‍ സയന്‍സ് ആന്‍ഡ് മറൈന്‍ എന്‍ജിനിയറിങ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണത്തിനുള്ള നിയമനിര്‍മാണം പൂര്‍ത്തിയായതായും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതിനുള്ള അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.