UDF

2012, മാർച്ച് 1, വ്യാഴാഴ്‌ച

നദീ സംയോജനവിധി കേരളത്തിന് ബാധകമല്ല

നദീ സംയോജനവിധി കേരളത്തിന് ബാധകമല്ല -മുഖ്യമന്ത്രി

 

നദികള്‍ സംയോജിപ്പിക്കുന്ന പദ്ധതിയോട് സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്നും കേരളം ഒരിക്കലും ഇത്തരമൊരു പദ്ധതിയെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നദീസംയോജന പദ്ധതിയില്‍ നേരത്തേ തന്നെ ചേര്‍ന്നിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇപ്പോഴത്തെ സുപ്രീംകോടതി വിധി ബാധകമാകുകയുള്ളൂ. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് ഈ ആശയം രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്. അന്നുമുതല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കേരളം സ്വീകരിച്ചുവരുന്നത്. കണ്‍കറന്‍റ് സ്റ്റേറ്റ്, അതായത് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള സംസ്ഥാനത്തിന് മാത്രമേ വിധി ബാധകമാവുകയുള്ളൂവെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ സമ്മതം കൊടുക്കാത്തിടത്തോളം കാലം ഈ വിധി നമ്മള്‍ക്ക് ബാധകമല്ല -മുഖ്യമന്ത്രി പറഞ്ഞു. നദീസംയോജനത്തെക്കുറിച്ചുള്ള വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ സുപ്രീംകോടതിയില്‍ നിയോഗിക്കാത്തതെന്തെന്ന ചോദ്യത്തിന്, ''നമ്മളെ ബാധിക്കാത്ത ഒരു കേസില്‍ അങ്ങോട്ട് കൊണ്ട് തലവെച്ചുകൊടുക്കണമോ?'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കുടിവെള്ള വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അത് സംസ്ഥാനത്തിന്റെ സമീപനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി, കുടിവെള്ളം, ഗതാഗതം എന്നീ അടിസ്ഥാന കാര്യങ്ങളില്‍ പരമാവധി പൊതുമേഖലയില്‍ തന്നെ നിര്‍ത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ജുഡീഷ്യല്‍ അംഗത്തിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ കഴിയുമെങ്കില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിബ്യൂണലിന്റെ ജുഡീഷ്യല്‍ അംഗം ജുഡീഷ്യല്‍ മേഖലയില്‍ നിന്നുതന്നെയാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇപ്പോള്‍ വന്നിട്ടുള്ള വിധി, ആ നിലപാടിന് എതിരാണ്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാന്‍ കഴിയുമോയെന്ന കാര്യം ആലോചിക്കുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിവന്നതോടെയാണ് വൈദ്യുതി ബോര്‍ഡില്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടായത്. ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.