UDF

2012, മാർച്ച് 27, ചൊവ്വാഴ്ച

കേന്ദ്ര പാക്കേജ് ഉടന്‍

കേന്ദ്ര പാക്കേജ് ഉടന്‍ 

 

ന്യൂഡല്‍ഹി: കടബാധ്യതാ സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി കേരളത്തിന് കേന്ദ്രം സാമ്പത്തികപാക്കേജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ 2924 കോടിയുടെ വായ്പ എഴുതിത്തള്ളുന്നതും പാക്കേജിന്റെ ഭാഗമാണ്. ഇതിനുപുറമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കൊല്ലം , ആലപ്പുഴ ബൈപ്പാസുകളുടെ നിര്‍മാണം, എന്നിവയും പാക്കേജിന്റെ ഭാഗമാണ്.

കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരവുമായി സംസ്ഥാനത്തെ തീരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചചെയ്തു. ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിയേറ്റ് മത്സ്യത്തെഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസമായി ലഭിക്കേണ്ട തുക ഉടന്‍ നല്‍കുമെന്ന് മന്ത്രി അറിയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കടലാക്രമണംകൊണ്ട് തീരദേശത്തുണ്ടാകുന്ന നഷ്ടം, തീപ്പിടിത്തം കൊണ്ടുണ്ടാകുന്ന നഷ്ടം എന്നിവയെ ദുരന്ത ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് എത്രയുംവേഗം അനുമതി ലഭിക്കാന്‍ നടപടി സ്വീകരിക്കും.

കേന്ദ്ര കപ്പല്‍ഗതാഗതമന്ത്രി ജി.കെ. വാസനുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തന്റെ മന്ത്രാലയം അനുകൂലമാണെന്ന് മന്ത്രി വാസന്‍ അറിയിച്ചു.

അടുത്തകാലത്ത് വിദേശകപ്പലുകളില്‍നിന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരേയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരമേഖലയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രി വാസനോട് അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിവേണം കപ്പലുകള്‍ നീങ്ങേണ്ടതെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി വാസന്‍ അറിയിച്ചു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വാസനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒമ്പത് മലയാളികള്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുണ്ടെന്നാണ് സര്‍ക്കാറിന് ലഭിച്ചിട്ടുള്ള വിവരം.