UDF

2012, മാർച്ച് 23, വെള്ളിയാഴ്‌ച

തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത്

തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത് 

 


ജനാധിപത്യത്തില്‍ ജയവും തോല്‍വിയുമുണ്ടാകും. എന്നാല്‍ അതിന്റെപേരില്‍ ജനങ്ങളെ അപമാനിക്കരുത്-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തോല്‍വികളില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ വലിയ തിരിച്ചടികള്‍ ഇടതുമുന്നണിയെ കാത്തിരിക്കുന്നുണ്ടെന്നും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പാഠംപഠിച്ചുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് യു.ഡി.എഫ്. പറഞ്ഞത്. അതിന്റെ ഗുണം പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ലഭിച്ചു.

എന്നാല്‍ പിറവത്തെ തോല്‍വിക്കുശേഷം വി.എസും പിണറായി വിജയനും നടത്തിയ പ്രതികരണം അമ്പരപ്പിച്ചു. മദ്യമൊഴുക്കിയെന്നാണ് പറയുന്നത്. ഇത് പിറവത്തെ ജനങ്ങളെ അപമാനിക്കലാണ്. ഇടതുമുന്നണിക്ക് പിറവത്തെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കേണ്ടതല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

പിറവം ജയത്തിന്റെ പേരില്‍ അഹങ്കരിക്കുന്നില്ല. 'വികസനവും കരുതലും' എന്ന ഈ സര്‍ക്കാരിന്റെ നയത്തിന് കിട്ടിയ ജനകീയാംഗീകാരമായാണ് വിജയത്തെ കാണുന്നത്. ആ നയം ഇനിയും തുടരും. അതുകൊണ്ടാണ് ബധിരരും മൂകരും അന്ധരുമൊക്കെ പഠിക്കുന്ന അണ്‍എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് മേഖലയിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്-മുഖ്യമന്ത്രി പറഞ്ഞു.