UDF

2012, മാർച്ച് 20, ചൊവ്വാഴ്ച

റിക്രൂട്ട്‌മെന്റ് പ്രായം ഉയര്‍ത്തുന്നതും തൊഴില്‍ പാക്കേജും പരിഗണനയില്‍

റിക്രൂട്ട്‌മെന്റ് പ്രായം ഉയര്‍ത്തുന്നതും തൊഴില്‍ പാക്കേജും പരിഗണനയില്‍  

 


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് ആനുപാതികമായി പി.എസ്.സി. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവാക്കള്‍ക്കായി പ്രത്യേക തൊഴില്‍ പാക്കേജുകളും ആവിഷ്‌കരിക്കും.

വിരമിക്കല്‍ പ്രായം ഏകീകരണം നിലവിലുണ്ടായിരുന്നുവെങ്കില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കുമായിരുന്നോ അവര്‍ക്കെല്ലാം ഈവര്‍ഷം ജോലി ലഭിക്കാനുള്ള പാക്കേജാണ് ബജറ്റിലൂടെ സര്‍ക്കാര്‍ അവതരിപ്പിച്ചത്. കൂട്ട വിരമിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്ന മുഴുവന്‍ ഒഴിവുകളിലേക്കും നിയമനം നടത്താന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. 

റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. കാലാവധി നീട്ടുന്നതിനെ എതിര്‍ത്തത് ഇടതുപക്ഷമാണ്. സര്‍ക്കാര്‍ കര്‍ക്കശ നിലപാട് എടുത്തപ്പോഴാണ് പി.എസ്.സി. അതിന് വഴങ്ങിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് യു.ഡി. എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ യുവ എം.എല്‍. എ മാര്‍ ചില പാക്കേജുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അതുസംബന്ധിച്ചും തീരുമാനം എടുക്കും. 

യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം 40,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. 

ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംസ്ഥാനത്തോട് കാണിച്ച ക്രൂരതയാണ്. ബജറ്റ് നിര്‍ദേശങ്ങളോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമസഭയ്ക്ക് കളങ്കമായി. ബജറ്റിലെ നന്മ ജനങ്ങള്‍ അറിയാതിരിക്കാനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്. വികസനോന്മുഖവും ജനസൗഹൃദപരവും ഹൈടെക്കുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സംസ്ഥാനം ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മേഖലകളിലെ മുന്നേറ്റത്തിനാണ് ധനമന്ത്രി തുടക്കമിട്ടത്. 

ബജറ്റ് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി കെ.എം. മാണി പറഞ്ഞു. നികുതി നിര്‍ദേശങ്ങള്‍ ചോരുകയാണെങ്കില്‍ മാത്രമാണ് ചോര്‍ച്ചയാവുന്നത്. പ്രതിപക്ഷം വെറുതെ ഉമ്മാക്കി കാണിച്ചിട്ട് കാര്യമില്ല. ബജറ്റിന് മുമ്പ് വിവിധ സംഘടനകളുമായി ബജറ്റ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ചേക്കാവുന്ന നല്ല നിര്‍ദേശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.