UDF

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ ഹൈകോടതി മേല്‍നോട്ടം ഏര്‍പ്പെടുത്തിയത് സര്‍ക്കാറിന്‍െറ സമ്മതത്തോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയുടെ മേല്‍നോട്ടം വേണമെന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇത് അഡ്വക്കറ്റ് ജനറലും സമ്മതിച്ചു. വിവാദങ്ങളുടെ പേരില്‍ ഇനിയും കേരളത്തിന് നഷ്ടമുണ്ടാകാന്‍ പാടില്ല. എന്നാല്‍, പ്രതിപക്ഷ നേതാവ് ഇപ്പോഴും കേസുമായി നടക്കുകയാണ്.പ്രതിപക്ഷ സഹകരണത്തോടെയായിരിക്കും ഭരണം. ഇതിനായി ഏത് തിരുത്തലിനും തയാറാണ്.പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. യുവജന സംഘടനകളെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ല.വിരമിക്കലിലൂടെ ഒരു വര്‍ഷം 25000 ത്തോളം ഒഴിവുകളാണ് സര്‍ക്കാര്‍,അദ്ധ്യാപക മേഖലയിലുണ്ടാകുന്നത്.എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍,25 ലക്ഷത്തോളം യുവജനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണുള്ളത്. നിയമസഭാ സമ്മേളനം പിരിഞ്ഞതിന് ശേഷം സ്വാശ്രയ പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിന് ചര്‍ച്ച ആരംഭിക്കും.പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തായിരിക്കും ചര്‍ച്ച. ഇക്കാര്യത്തില്‍ എം.എ.ബേബിയുടേതടക്കം സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിച്ചിരുന്നവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍ തീരുമാനമുണ്ടാകും.120 യൂണിറ്റ് വരെയുള്ളവരെ ഒഴിവാക്കിയിരുന്നുവെന്നതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ റോഡുകള്‍ക്ക് ആറ് മീറ്റര്‍ വീതി മതിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് റോഡ് നിര്‍മിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ഇത് കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ ഇതില്‍ ഭേദഗതി വരുത്തി. നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിലേറെയായി ഹഡ്കോയുമായി നിലനിന്നിരുന്ന തര്‍ക്കവും പരിഹരിച്ചു.പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച തര്‍ക്കവും തീര്‍ന്നു. ജനങ്ങള്‍ സര്‍ക്കാറിനെ വിലയിരുത്തുന്നത് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്.ഒരു രൂപ അരി വിതരണം തുടങ്ങി. ബി.പി.എല്‍ വിഭാഗത്തിലെ 14.6 ലക്ഷം പേര്‍ക്കും 5.96 ലക്ഷം എ.എ.വൈ ക്കാര്‍ക്കും ഒരു രൂപക്ക് അരി നല്‍കുന്നുണ്ട്.രണ്ട് തവണ പെട്രോള്‍ വിലയും ഒരു തവണ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചപ്പോള്‍ അധിക നികുതി വേണ്ടെന്ന് വെച്ചതിലൂടെ 405 കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.