UDF

2011, ജൂലൈ 31, ഞായറാഴ്‌ച

കൊച്ചി മെട്രോ: കുതിച്ചുചാട്ടത്തിന്റെ തുടക്കം




കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന്റെ തുടക്കമാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് കേവലം ഒരു പദ്ധതി മാത്രമല്ല, മറിച്ച് സംസ്ഥാനത്തിന്റെഅടിസ്ഥാന സൗകര്യ വികസനരംഗത്തെ പുതിയ കാല്‍വെപ്പാണ്. മെട്രോ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് കിട്ടുന്ന ആത്മവിശ്വാസം കേരളത്തിന്റെ ഉജ്ജ്വലമുന്നേറ്റത്തിന് ശക്തിപകരും-മുഖ്യമന്ത്രി പ്രത്യാശിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ മെട്രോ റെയില്‍ അനുബന്ധപദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിയില്‍ രാഷ്ട്രീയമില്ല. നാടിന്റെ വികസനം എന്ന ലക്ഷ്യമാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെയുള്ള മേഖലകളില്‍ കേരളം മന്നേറിയെങ്കിലും അടിസ്ഥാന സൗകര്യ വികസരംഗത്ത് പിന്നിലാണ്. നമ്മള്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. ഇതിനൊരു മാറ്റം ഉണ്ടാകണം. കൊച്ചി മെട്രോയ്ക്കു ശേഷം കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെയുള്ള ഹൈസ്​പീഡ് റെയില്‍ കോറിഡോറിലേക്കാവണം ശ്രദ്ധതിരിയേണ്ടത്-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡി.എം.ആര്‍.സിയുടെ തലവന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോ റെയിലിന് പിന്നിലെന്നത് ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വികസനമായ കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയതും ലോകോത്തരമായ ഡല്‍ഹി മെട്രോറെയില്‍ സമയബന്ധിതമായി തീര്‍ത്തതുമെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീധരന്റെ സാന്നിധ്യം കൊച്ചി മെട്രോറെയില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സഹായകമാവും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.