UDF

2011, ജൂലൈ 7, വ്യാഴാഴ്‌ച

കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് തുറക്കും

Imageഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണ
തിരുവനന്തപുരം: കേരളത്തില്‍ യു.എ.ഇയുടെ കോണ്‍സുലേറ്റ് തുറക്കാന്‍ തീരുമാനമായി. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍സുലേറ്റ് തുറക്കും.
ഇതുസംബന്ധിച്ച് ഇന്ത്യയിലെ യു.എ.ഇ.സ്ഥാനപതി മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഉവൈയ്‌സ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രവാസി വ്യവസായി എം.എ യൂസഫലിയും ഒപ്പമുണ്ടായിരുന്നു.  കോണ്‍സുലേറ്റ് തുടങ്ങാന്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. യു.എ.ഇയുടെ ചെലവുകുറഞ്ഞ എയര്‍ലൈനായ ഫ്‌ളൈ ദുബായ്ക്ക് കേരളത്തിലേക്ക് സര്‍വീസ് നടത്താനുള്ള താല്‍പര്യം അംബാസഡര്‍ അറിയിച്ചു.  ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും ഇത് ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആയതുകൊണ്ട് സര്‍ക്കാരിന് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇയുമായി സുദൃഢ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും വ്യാവസായിക, വാണിജ്യ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാനും കോണ്‍സുലേറ്റ് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.