UDF

2011, ജൂലൈ 4, തിങ്കളാഴ്‌ച

പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത: ഉത്തരവാദികള്‍ രാഷ്ട്രീയ നേതൃത്വമെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: പദ്ധതി പ്രവര്‍ത്തനം കൃത്യമായി നടത്താത്തതിനും വിഹിതം ചെലവിടാത്തതിനും ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ സംവിധാനത്തില്‍ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തി രാഷ്ട്രീയനേതൃത്വത്തിന് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ടി.എന്‍.പ്രതാപന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് കേന്ദ്രഫണ്ട് കൃത്യമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല. റോഡിനായി ലഭിച്ച കേന്ദ്ര ഫണ്ട് വളരെ കുറച്ച് ചെലവിട്ടത് കേരളമാണ്. പദ്ധതി വിനിയോഗത്തിനായി അധികം തുക മാറ്റിവയ്ക്കാനും കഴിയുന്നില്ല. 70 ശതമാനം മാത്രമാണ് ചെലവിടുന്നത്. ടെണ്ടര്‍ എക്‌സസ് കൊടുക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം. ടെണ്ടര്‍ എക്‌സസ് ബജറ്റില്‍ നിന്നു നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ത്രിതല പഞ്ചായത്തുകളിലെയും നിയോജകമണ്ഡലങ്ങളുടെയും പദ്ധതി നടത്തിപ്പ് വിലയിരുത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ ജനപ്രതിനിധികളടങ്ങിയ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏലത്തിന്റെയും തേയിലയുടെയും വിലയിടിവില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ സഭയെ അറിയിച്ചു. തേയില ക്കൊളുന്ത് സംസ്‌കരിക്കുന്ന ഫാക്ടറി ആരംഭിക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.ജയചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 1084 രൂപയായിരുന്ന ഏലത്തിന്റെ വില ഇപ്പോള്‍ കിലോയ്ക്ക് 650 രൂപയാണ്. ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഇടുക്കിയിലെ സ്‌പൈസസ് പാര്‍ക്കിന്റെ വെയര്‍ഹൗസില്‍ ഏലത്തിനു വിലകൂടുന്നതുവരെ കര്‍ഷകര്‍ക്ക് ഏലം സൂക്ഷിക്കാനുള്ള സൗകര്യം നല്‍കും. കര്‍ഷകരുടെ പക്കലുള്ള ഏലത്തിന്റെ മൂല്യം അടിസ്ഥാനപ്പെടുത്തി അവര്‍ക്ക് ബാങ്കില്‍ നിന്ന് ലോണ്‍ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.