UDF

2011, ജൂലൈ 24, ഞായറാഴ്‌ച

പെണ്‍വാണിഭം തടയാന്‍ നയം രൂപവത്കരിക്കും -മുഖ്യമന്ത്രി


പെണ്‍വാണിഭം തടയാനും കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ നയം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകയായ ഡോ. സുനിതാകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 രാജ്യത്ത് ആന്ധ്രയിലാണ് ഇത്തരം നയം ഉള്ളത്. കേരളത്തിലും  സമാനനയം ഉണ്ടാക്കും. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂര്‍ പെണ്‍വാണിഭം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് സുനിതാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

12ാം വയസ്സില്‍ വിവാഹിതയാവുകയും വ്യഭിചാര കേന്ദ്രത്തിലെത്തപ്പെടുകയും ചെയ്ത് 17ാം വയസ്സില്‍ എയ്ഡ്‌സ് ബാധിതയായ ഭവാനി എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സുനിതാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
കേരളത്തില്‍ പീഡനങ്ങള്‍ തടയാനും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനുമുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പ്രജ്വല (അണയാത്ത ജ്വാല) എന്ന സാമൂഹിക സംഘടനക്ക് നേതൃത്വം നല്‍കുന്ന ഡോ. സുനിതയുമായി മുഖ്യമന്ത്രി സംവദിച്ചത്. ആന്ധ്രാ കേഡറിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥ മിനി മാത്യു ആണ് സുനിതയുടെ സഹായത്തോടെ ഇത് തയാറാക്കിയത്. അരമണിക്കൂര്‍ നീണ്ട പവര്‍ പോയന്റ് പ്രസന്‍േറഷനിലൂടെ സുനിത പെണ്‍വാണിഭത്തിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചു. രാജ്യത്ത് പത്തുമിനിറ്റില്‍ ഒരാള്‍ വീതം പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ വീഴുന്നു. 30 ലക്ഷം സ്ത്രീകളാണ് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുള്ളത്.

ഇവരില്‍ 88 ശതമാനം പേരും 14 വയസ്സില്‍ താഴെയുള്ളവരാണ്. കേരളത്തില്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ മുഖ്യമന്ത്രി സുനിതയുടെ ശ്രദ്ധയില്‍പെടുത്തി. അവരെയും വയനാട്ടിലുള്ള അവിവാഹിതരായ അമ്മമാരെയും  സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുനിതയെ ചുമതലപ്പെടുത്തി.