UDF

2011, ജൂലൈ 6, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: മന്ത്രിസഭാ ഉപസമിതിയില്‍ കാര്‍ഷിക ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തും

Imageതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയില്‍ കാര്‍ഷിക ശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.
ആരോഗ്യ, കൃഷി, സാമൂഹിക ക്ഷേമമന്ത്രിമാരടങ്ങുന്ന മൂന്നംഗ സമിതിയാണ് പഠനം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തിലുള്ള ആരോഗ്യ, കാര്‍ഷിക, പുനരധിവാസ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും സമിതി പഠിക്കുക. സംസ്ഥാനത്ത് കീടനാശിനി നയം രൂപീകരിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്നും ജോസഫ് വാഴയ്ക്കന്റെ ശ്രദ്ധ ക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നല്‍കി. ജൈവകീടനാശിനികള്‍ കമ്പോളത്തില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്കിടയില്‍ ജൈവകീടനാശിനികള്‍ക്കു സ്വീകാര്യത ലഭിക്കുന്നതിനുള്ള ബോധവല്‍ക്കരണ, പരിശീലന പരിപാടികളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയ്ക്കു ഫലപ്രദമായ ബദല്‍ കീടനാശിനി കമ്പോളത്തില്‍ സുലഭവമായി ലഭിക്കുന്നതിനു ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 2002ല്‍ ആരംഭിച്ച ഹാര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നു വി.എസ് സുനില്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്‍കി.