UDF

2011, ജൂലൈ 27, ബുധനാഴ്‌ച

പട്ടാളക്കാര്‍ക്കായി സൈനിക് സെന്ററുകളും പോളി ക്ലിനിക്കുകളും ആരംഭിക്കും: മുഖ്യമന്ത്രിImage പട്ടാളക്കാര്‍ക്കായി സൈനിക് കേന്ദ്രങ്ങളും പോളിക്ലിനിക്കുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സെന്ററില്‍ നടന്ന കാര്‍ഗില്‍ ദിനാചരണവും യുദ്ധ വിധവകളെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സൈനിക് സെന്ററുകള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്.സൈനിക് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കാന്‍ അതത് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്, കാസര്‍കോഡ്, കോഴിക്കോട് എന്നീ ആറു ജില്ലകളില്‍ സൈനികര്‍ക്കായി പോളിക്ലിനിക്കുകള്‍ ആരംഭിക്കും.ഇതിനായുള്ള നടപടികല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനീകരുടെ വിധവകളായ 600 പേര്‍ക്ക് സൈനീക ക്ഷേമനിധിയില്‍ നിന്നും 2,000 രൂപ വീതം 12 ലക്ഷം ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും അതു നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള സര്‍ക്കാര്‍ പട്ടാളക്കാരോടും വിമുക്തഭടന്‍മാരോടും അനുഭാവപൂര്‍വ്വമായ സമീപനമാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.അതു തുടരും.ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസം ജവാന്‍മാര്‍ രാജ്യത്തിന് നല്‍കുന്ന ശക്തിയാണ്.രാജ്യം കാക്കുന്നതിനായി വീരമൃത്യു വരിച്ചവരെയും സര്‍വീസിലുള്ള ഭടന്‍മാരെയും ആദരിക്കുന്നതിനും ഓര്‍ക്കുന്നതിനും രാജ്യം എന്നും നിലപാടെടുക്കണം.അത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തവും ബാധ്യതയും അക്ഷന്തവ്യമായ കടമയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കാര്യം കഴിയുമ്പോള്‍ ജവാന്‍മാരെ മാത്രമല്ല സഹായിച്ച പലരേയും മറക്കുന്നതാണ് സമൂഹത്തിന്റെ നിലപാട്.
 
എല്ലാ രംഗത്തും ഇതാണ് സ്ഥിതി.ഇതില്‍ മാറ്റം വരണമെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു.രാജ്യം കാക്കുന്നതിനായി വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരനില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് രാജ്യത്തെ കെട്ടിപ്പടുക്കണമെന്ന് ചടങ്ങില്‍ ഡോ.ശശി തരൂര്‍ എംപി പറഞ്ഞു.ദൈവങ്ങളും സൈനീകരും ഒരുപോലെയാണ്.ആപത്ഘട്ടങ്ങളില്‍ എല്ലാവരും ഇവരെ സ്മരിക്കും.എന്നാല്‍ പിന്നീട് രണ്ടു വിഭാഗങ്ങളെയും സൗകര്യപൂര്‍വ്വം മറക്കുന്ന നിലപാടാണുള്ളത്-പാങ്ങോട് കരസേനാസ്ഥാനത്തിന്റെ മേധാവി ബ്രിഗേഡിയര്‍ പ്രദീപ് നാരായണന്‍ പറഞ്ഞു.രാജ്യത്തിന്റെ നാളേയ്ക്ക് വേണ്ടി ഓരോ പട്ടാളക്കാരനും അവരുടെ ഇന്നത്തെ ജീവിതമാണ് ത്യജിക്കുന്നത്.സൈനീകരെ ആരും ഓര്‍ക്കുന്നില്ലെന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിമുക്തഭടന്‍മാരുടെയും സൈനികരുടെയും കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അവരുടെ അപേക്ഷകള്‍ ചുവപ്പുനാടകളില്‍ കുടുങ്ങാതെ സഹായിക്കണമെന്നും കരസേനയുടെ ദക്ഷിണ മേഖലാ തലവന്‍ മേജര്‍ ജനറല്‍ വൈ.സി തരകന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.ബിഎസ്എന്‍എല്‍ മേദാവി പ്രമേചന്ദ്രയും ചടങ്ങില്‍ പങ്കെടുത്തു.നേരത്തേ സേനാ ആസ്ഥാനത്തെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി റീത്ത് സമര്‍പ്പിച്ചു.യുദ്ധ വിധവകള്‍ക്കായി ബിഎസ്എന്‍എല്‍ ഏര്‍പ്പെടത്തിയ മൊബൈല്‍ഫോണുകള്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും ചേര്‍ന്ന് സമ്മാനിച്ചു.ചടങ്ങുകള്‍ക്ക് മുന്നോടിയായി യുദ്ധ വിധവകളെ ആദരിക്കുന്നതിനായി പ്രത്യേകം നടന്ന ചടങ്ങില്‍ യുദ്ധ വിധവകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നവോദ്ധാന്‍ സംഘടനയുടെ പ്രസിഡന്റും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി പങ്കെടുത്തു.