UDF

2011, ജൂലൈ 24, ഞായറാഴ്‌ച

സമാന്തര സിനിമകള്‍ക്ക് സബ്‌സിഡി ഉയര്‍ത്തുന്നത് പരിഗണിക്കും: ഉമ്മന്‍ചാണ്ടി



Image സമാന്തര സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സബ്‌സിഡി നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്  സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നത്.
 അതിന് കഴിയാത്തതില്‍ കേരളത്തിന് ദുഃഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫിലിം മേക്കേഴ്‌സ് ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്താന്‍ കഴിയുന്ന പ്രതിഭകളാണ് മലയാളത്തിലുള്ളതെന്ന് ദേശീയ-സംസ്ഥാന അവാര്‍ഡുകളിലൂടെയും മറ്റ് പുരസ്‌കാരങ്ങളിലൂടെയും വ്യക്തമാണ്. സിനിമാ ലോകത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. സിനിമാരംഗത്തുള്ള ഒരാളെത്തന്നെ സിനിമയ്ക്ക് പ്രത്യേകമായുള്ള വകുപ്പിന്റെ മന്ത്രിയാക്കിയത് ഇതിന്റെ തെളിവാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും മറ്റും സിനിമാരംഗത്തുള്ളവരെ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ചലച്ചിത്ര സംഘടനകള്‍ നേരത്തെ നല്‍കിയ നിവേദനത്തെക്കുറിച്ച് പഠിക്കാന്‍ ടി. ബാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്. ഈ റിപ്പോര്‍ട്ടും ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് നല്‍കിയ നിവേദനത്തിലെ ശുപാര്‍ശകളും ഉടന്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ബന്ധപ്പെട്ടവരുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യാതിഥിയായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരന്‍, ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദ്, നിര്‍മാതാവ് അഷറഫ് വേലി, പശ്ചാത്തല സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടകപ്പള്ളി,  ഛായാഗ്രാഹകന്‍ മധുഅമ്പാട്ട്, വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന്‍ ഡോ. ബിജു, നിര്‍മാതാവ് ജോഷി, ഇലക്ട്രയുടെ സംവിധായകന്‍ ശ്യാമപ്രസാദ്, സംഘടനാ രക്ഷാധികാരികളായ കെ.പി കുമാരന്‍, ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി ശശി പരവൂര്‍ എന്നിവരും സംബന്ധിച്ചു.