UDF

2011, ജൂലൈ 24, ഞായറാഴ്‌ച

പാടശേഖരങ്ങളിലെ മത്സ്യക്കൃഷി വ്യാപിപ്പിക്കും - മുഖ്യമന്ത്രി





തിരുവനന്തപുരം: ഈ വര്‍ഷം പതിനായിരം ഹെക്ടര്‍ പാടശേഖരങ്ങളിലേക്ക് മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവഴി 5000 ടണ്‍ ഉദ്പാദനം ലക്ഷ്യമിടുന്നു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാടശേഖരങ്ങളിലെ മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കൃഷി, ഗ്രാമവികസനം, ജലസേചനം, ഫിഷറീസ്, നബാര്‍ഡ്, എം.പി.ഇ.ഡി.എ എന്നീ ഏജന്‍സികളുടെ സംയുക്ത സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൃഷിക്ക് ഒട്ടുംതന്നെ അനുയോജ്യമല്ലാത്ത പാടങ്ങളില്‍ മത്സ്യക്കൃഷി നടത്തുന്നതിന് കൃഷിവകുപ്പില്‍ നിന്നും അനുവാദം ലഭിക്കാത്ത സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.