UDF

2011, ജൂലൈ 30, ശനിയാഴ്‌ച

ADB പലിശ കുറയ്‌ക്കണം: ഉമ്മന്‍ചാണ്ടി





തിരുവനന്തപുരം: കേരളത്തിനുള്ള എ.ഡി.ബി. വായ്‌പയുടെ പലിശനിരക്കു കുറയ്‌ക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളത്ത്‌ എ.ഡി.ബിയുടെ ട്രൈപാര്‍ടൈറ്റ്‌ പോര്‍ട്ട്‌ഫോളിയോ അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്‌ഥാനത്തെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിനും കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണം. വിനോദസഞ്ചാര- വികസനത്തിനും എ.ഡി.ബിയുടെ സഹായം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.തിരിച്ചടവു വൈകുന്നതിനാല്‍ അധികം പലിശ നല്‍കേണ്ടിവരുന്നത്‌ ഒഴിവാക്കുന്ന കാര്യം കേന്ദ്രധനമന്ത്രാലയവും എ.ഡി.ബിയും പരിശോധിക്കണം. അരനൂറ്റാണ്ടിലേക്കുള്ള ഗതാഗത വികസനത്തിന്റെ മാസ്‌റ്റര്‍ പ്ലാന്‍ തയാറായി വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സമയബന്ധിതമായ സേവനം ഉറപ്പുവരുത്തുന്ന സേവനാവകാശ നിയമം സംസ്‌ഥാനത്തു കൊണ്ടുവരും. ആശ്രയ പദ്ധതിയും വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതിയും പ്രതിജ്‌ഞാബദ്ധതയോടെ നടപ്പാക്കും. ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ വാതക താപ വൈദ്യുത പദ്ധിതകള്‍ നടപ്പാക്കും.

വേഗത്തിലുള്ള നഗരവല്‍ക്കരണമാണു കേരളം നേരിടുന്ന വെല്ലുവിളി. ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ടെങ്കിലും തീരപ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളം കിട്ടാനില്ല. കൂടുതല്‍ തടയണകള്‍ നിര്‍മിച്ച്‌ മഴവെള്ളം സംരക്ഷിക്കാന്‍ എ.ഡി.ബിയുടെ സഹായം പ്രയോജനപ്പെടുത്തും. കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രത്യേക സെക്രട്ടറി എല്‍.എം. വാസ്‌, ജോയിന്റ്‌  സെക്രട്ടറി വേണു രാജാമണി, എ.ഡി.ബിയുടെ ഇന്ത്യന്‍ കണ്‍ട്രി ഡയറക്‌ടര്‍ ഹുന്‍കിം, എ.ഡി.ബി, ലോകബാങ്ക്‌ നേപ്പാള്‍, ബംഗ്‌ളാദേശ്‌ പ്രതിനിധികള്‍ പങ്കെടുത്തു.