UDF

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഓണത്തിന് വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ 3000 വിപണന കേന്ദ്രങ്ങള്‍ തുറക്കും



Imageവിപുലമായ ഓണം വിപണന മേളകള്‍  സഹകരണ ഓണം-റംസാന്‍ വിപണി  15 മുതല്‍ 60% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍
 
 ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രൈമുഖ പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സെപ്തംബര്‍ 8 വരെ നീണ്ടുനില്‍ക്കുന്ന സഹകരണം ഓണം, റംസാന്‍ വിപണി ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 140 നിയോജകമണ്ഡലങ്ങളിലെ വിപുലമായ ഓണം വിപണന മേളകള്‍ ആരംഭിക്കും.ജൂലായ് 21 മുതല്‍ സെപ്തംബര്‍ 8 വരെ 52 ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളകളിലൂടെ 20 ഇനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മുന്തിയ ഇനം ജയ അരി ഉള്‍പ്പടെ നാല് തരം അരികള്‍ ഉള്‍പ്പടെ 20 നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് 15 മുതല്‍ 60 ശതമാനം വരെ വിലകുറച്ചാണ് കണ്‍സ്യൂമര്‍ഫെഡ് വിപണനം നടത്തുന്നത്.നാല്‍പത് ഇനങ്ങള്‍ അടങ്ങുന്ന 41 ദിവസ വിപണിയാണ് മൂന്നാം ഘട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പദ്ധതിയിടുന്നത്. ആഗസ്റ്റ് 1 മുതല്‍ സെപ്തംബര്‍ 8 വരെ 3000 സഹകരണ വിപണനകേന്ദ്രങ്ങളിലൂടെയാണ് നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നത്.
 
കണ്‍സ്യൂമര്‍ ഫെഡ് നേരിട്ട് നടത്തുന്ന 185 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വിവിധ സഹകരണ സ്ഥാപനങ്ങളുടെ 1000ലധികം നീതി സ്റ്റോറുകള്‍, 2000ലേറെ സഹകരണ വിപണന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ റംസാന് തൊട്ടുമുന്‍പുള്ള 10 ദിവസങ്ങളിലായി റംസാന്‍ സ്‌പെഷ്യല്‍ ഇനങ്ങളും വിപണനം നടത്തും.ഓണത്തിനു തൊട്ടുമുമ്പുള്ള 10 ദിവസം പൊതുവിപണിയില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവില്‍ ചെറുപയര്‍, പരിപ്പ്, സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, സവാള, ഏത്തക്കായ എന്നിവ വിപണനം നടത്തും.ഓണത്തിനുമുമ്പായി 3000 വിപണനകേന്ദ്രങ്ങള്‍ തുറക്കും. തിരുവനന്തപുരം-225, കൊല്ലം-280, ആലപ്പുഴ-200, പത്തനംതിട്ട-160, കോട്ടയം-200, ഇടുക്കി-140, എറണാകുളം-300, തൃശ്ശൂര്‍-300, പാലക്കാട്-260, മലപ്പുറം-190, കോഴിക്കോട്-250, വയനാട്-115, കണ്ണൂര്‍-240, കാസര്‍ഗോഡ്-140 വിപണനകേന്ദ്രങ്ങളാണ് തുറക്കുന്നത്.വിലക്കുറവില്‍ ലഭിക്കുന്ന സാധനങ്ങളുടെ ദുരുപയോഗവും അഴിമതിയും തടയുന്നതിനായി ചെറിയ തോതിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. അരി ഒരു കുടുംബത്തിന് ഒരാഴ്ചയില്‍ 6 കിലോ മാത്രമേ നല്‍കൂ. പച്ചക്കറി 2 കിലോ, പഞ്ചസാര 1 കിലോ, വെളിച്ചെണ്ണ 1 കിലോ എന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ഓണത്തിനോടനുബന്ധിച്ച് സേമിയ, പാലട, അടപ്രഥമന്‍ എന്നിങ്ങനെ 3 ഇനങ്ങളിലായി ഒരു ലക്ഷം പായസക്കിറ്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുമായി ചേര്‍ന്ന് പരിസ്ഥിതിക്കനുയോജ്യമായ സഞ്ചികളില്‍ കിറ്റൊന്നിന് 70 രൂപ വച്ച് വില്‍പ്പന നടത്തും.ജനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റിജി. ജി നായര്‍ പറഞ്ഞു. ഓരോ വിപണനകേന്ദ്രത്തില്‍ നിന്നും ഒരു ദിവസം എത്ര ഉപഭോക്താക്കള്‍ക്ക് സാധനം നല്‍കുമെന്നുള്ള വിവരം മുന്‍കൂട്ടി പ്രസിദ്ധീകരിക്കും.ഇതിനായി ബില്ലിനൊപ്പം ഒരു രൂപ വീതം ഉപഭോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കും. ഡിജിറ്റല്‍ ടോക്കണ്‍ ഏര്‍പ്പെടുത്തും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. വിപണനകേന്ദ്രങ്ങളിലെല്ലാം കണ്‍സ്യൂമര്‍ഫെഡിന്റെ ഫിനാന്‍സ് ഇന്‍സ്‌പെക്ടര്‍ വിഭാഗവും സഹകരണവകുപ്പിന്റെ വിജിലന്‍സ് വിഭാഗവും മുന്‍കൂട്ടി അറിയിക്കാതെ പരിശോധന നടത്തും. എല്ലാ വിപണനകേന്ദ്രത്തിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കും.