
ഇക്കാര്യത്തില്‍ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വോട്ട് ചെയ്തവരുടെ ലിസ്റ്റുണ്ട്. അതില്‍ ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ മറുപടി പറയാന്‍ താന്‍ ബാധ്യസ്ഥനാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ട് ഒളിച്ചോടിയ ശേഷം അവരുടെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.
വോട്ടെടുപ്പുസമയത്ത് ഭരണപക്ഷത്ത് 62 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന ആരോപണം പരിഹാസ്യമാണ്. വോട്ടിങ്ങിനായി ബെല്ലടിച്ച് തീരുന്നതുവരെ സഭയ്ക്കകത്ത് കയറുന്നവര്‍ക്ക് വോട്ട് ചെയ്യാം. ബെല്ലടിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റും താനും തന്റെ ഓഫീസിലിരിക്കുകയായിരുന്നു. ബെല്ലടികേട്ടപ്പോഴാണ് ഞങ്ങളും സഭയിലേക്ക് പ്രവേശിച്ചത്. അപ്പോള്‍ സഭയില്‍ 68 പേരുണ്ടായിരുന്നു. പിന്നീട് അച്യുതനും വര്‍ക്കല കഹാറും എത്തിയതോടെ എണ്ണം 70 ആയി. പ്രതിപക്ഷത്ത് 67 പേര്‍ മാത്രവും. സ്വന്തംമുഖം വികൃതമാകുന്നതിലുള്ള നാണക്കേട് മറച്ചുവെയ്ക്കാന്‍ വേണ്ടി കള്ളവോട്ട് നടന്നുവെന്ന് പ്രചരിപ്പിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു. ഒരു സമയത്തും ഗവണ്മെന്റിന് ഭൂരിപക്ഷം ഉണ്ടാകാതിരുന്നിട്ടില്ല.
മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ ജനങ്ങള്‍ കൂവലോടെയാണ് സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് കൂവാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി. പക്ഷേ, ജനങ്ങള്‍ അത് ഏറ്റുപിടിക്കാന്‍ തയ്യാറാകുന്നില്ല.