UDF

2011, ജൂലൈ 30, ശനിയാഴ്‌ച

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും -മുഖ്യമന്ത്രി







സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും -മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങളില്‍ ഗുണനിലവാരവും
കൃത്യനിഷ്ഠതയും ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജല്രേസാതസ്സുകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ഏഷ്യന്‍ വികസന ബാങ്കിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തിന് സംസ്ഥാനത്തിന് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് എ.ഡി.ബി, കേരള, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കുകയായിരുന്നു
മുഖ്യമന്ത്രി. ഇതിന്‌സഹായം നല്‍കാമെന്ന് എ.ഡി.ബി കണ്‍ട്രി ഡയറക്ടര്‍ ഹുന്‍ കിം മറുപടിയും നല്‍കി.

സംസ്ഥാനത്തിന്റെ വികസന പരിശ്രമങ്ങള്‍ക്ക് പണം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ എ.ഡി.ബിക്ക് കാര്യമായി സഹായിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പ്രാദേശിക സാഹചര്യങ്ങള്‍ മൂലം ചില പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. ഇത് മനസ്സിലാക്കി എ.ഡി.ബി
വായ്പയുടെ പലിശനിരക്ക് കുറക്കുന്ന കാര്യം പരിഗണിക്കണം.  

തൊഴിലവസരം സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍, പരിസ്ഥിതി സംരക്ഷണം
തുടങ്ങിയവക്ക് സര്‍ക്കാര്‍ ഏറെ മുന്‍ഗണന നല്‍കുന്നുണ്ട്. വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, മെട്രോ റെയില്‍ എന്നിവക്കൊപ്പം 1000 കിലോമീറ്റര്‍ റോഡുകളുടെ നവീകരണം, കോട്ടയം മൊബിലിറ്റി ഹബ്ബ്, മലയോര ഹൈവേ, പ്രധാന നഗരങ്ങളില്‍ റിങ് റോഡുകളും ബൈപാസും തുടങ്ങിയവയെല്ലാം പരിഗണനയിലാണ്. 50 വര്‍ഷം മുന്നില്‍കണ്ടുള്ള ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിവരികയാണ്. ജലഗതാഗത സംവിധാനങ്ങള്‍ നവീകരിക്കും. ജലസംരക്ഷണം ഉറപ്പാക്കാന്‍ മഴക്കൊയ്ത്തും ചെക്ഡാമുകളും വ്യാപകമാക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലാ പങ്കാളിത്തം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എല്‍.എം.വ്യാസ്, ജോയന്റ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവര്‍ സംബന്ധിച്ചു.